കാഞ്ഞങ്ങാട്: അജാനൂര്‍ കടപ്പുറത്ത് മത്തിച്ചാകര. ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. കേട്ടവര്‍ കേട്ടവര്‍ ബക്കറ്റും കവറുകളുമായി തീരത്തേക്ക് ഓടി. ഓടിക്കൂടിയ ആരെയും നിരാശരാക്കിയില്ല കടലമ്മ. എത്തിവര്‍ക്കെല്ലാം കൈനിറയെ കൊടുത്തു. കടലില്‍ നിന്നു തുള്ളിമറിഞ്ഞു കടലോരത്ത് അടിഞ്ഞു കൂടിയ മത്തിക്കൂട്ടം എത്തിയവരെ അല്‍ഭുതപ്പെടുത്തി. ചാകര വിശേഷമറിഞ്ഞു ദൂരെനിന്നുപോലും ആളുകളെത്തി. ഏകദേശം ഒരു മണിക്കൂറോളം മത്തി തുടര്‍ച്ചയായി കരക്കടിഞ്ഞു. രണ്ടാഴ്ച മുമ്പ് നീലേശ്വരം മരക്കാപ്പ് കടപ്പുറത്തും മത്തിച്ചാകരയുണ്ടായിരുന്നു. മത്തി കടപ്പുറത്തേക്കെത്തുന്നതിന്റെയും അത് വാരിയെടുക്കുന്നതിന്റെയും വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിമിഷനേരംകൊണ്ട് കടപ്പുറം നിറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് കടലിലുണ്ടാകുന്ന മാറ്റങ്ങള്‍ മത്തിയുടെ ലഭ്യതയില്‍ വലിയ ഉയര്‍ച്ച താഴ്ചകള്‍ക്ക് കാരണമാകുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.







