തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നും നാളെയും വടക്കന്‍ കേരളത്തിലും, ചൊവ്വാഴ്ച തെക്കന്‍ ജില്ലകളിലുമാണ് മഴ മുന്നറിയിപ്പുള്ളത്. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് നിലവിലുണ്ട്. തുലാം പത്തായ തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഴ കനക്കും. ഈ മൂന്ന് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്. ചൊവ്വാഴ്ചയോടെ വടക്കന്‍ കേരളത്തില്‍ നിന്നും മഴ പിന്‍മാറുമെന്നാണ് പ്രതീക്ഷ. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ ഉടനീളം ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.







