കൊച്ചി: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി കേരളത്തില്‍ കളിക്കുന്നത് കാണാന്‍ കാത്തിരുന്നവര്‍ക്ക് നിരാശ. ലയണല്‍ മെസിയും അര്‍ജന്റീന ടീമും കേരളത്തില്‍ വരില്ലെന്ന് ഉറപ്പായി. നവംബറില്‍ അര്‍ജന്റീനയുടെ ഏക മത്സരം അംങ്കോളയിലായിലായിരിക്കുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ സ്ഥിരീകരിച്ചു. പിന്നാലെ മല്‍സരം നടത്താന്‍ ഫിഫ അനുമതി ലഭിച്ചില്ലെന്ന് മുഖ്യ സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് എം.ഡി. ആന്റോ അഗസ്റ്റിന്‍ സമ്മതിച്ചു. കൊച്ചിയില്‍ അര്‍ജന്റീനയുടെ എതിരാളി ആകേണ്ടിയിരുന്ന ഓസ്‌ട്രേലിയക്ക് നവംബറില്‍ ഉള്ളത് രണ്ട് മത്സരങ്ങള്‍.
ആദ്യത്തേത് നവംബര്‍ 14ന്. എതിരാളി വെനസ്വലേ. രണ്ടാം മത്സരം നവംബര്‍ 18ന് അമേരിക്കയില്‍.
അങ്ങനെ അവകാശവാദങ്ങള്‍ ഒന്നൊന്നായ പൊളിഞ്ഞതോടെയാണ് മത്സരത്തിന് ഫിഫ അനുമതി ഇല്ലെന്ന് സ്‌പോണ്‍സര്‍ സമ്മതിച്ചത്. സ്‌പോണ്‍സര്‍ക്ക് ഒരുധാരണയുമില്ലെന്ന് വ്യക്തമാക്കുന്നതാണ് ഫിഫ അനുമതി ലഭിച്ചില്ലെന്ന സ്‌പോണ്‍സറുടെ സമ്മതം. നേരത്തെ അര്‍ജന്റീന മാധ്യമങ്ങള്‍ പറഞ്ഞിരുന്നത് മാര്‍ച്ചില്‍ നടക്കുന്ന വിന്‍ഡോയില്‍ ഇന്ത്യയിലേക്ക് വന്നേക്കാമെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. കൊച്ചി സ്റ്റേഡിയത്തിലെ നവീകരണ ജോലികള്‍ തുടങ്ങിയിരുന്നെങ്കിലും കൃത്യ സമയത്ത് തീര്‍ക്കാന്‍ സാധിച്ചിട്ടില്ല.







