കാസര്‍കോട്: ആസന്നമായ തദ്ദേശ തിരഞ്ഞെടുപ്പും തുടര്‍ന്ന് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും മുസ്ലിം ലീഗിനു കടുത്ത ഭീഷണിയാക്കാന്‍ വിവിധ മുസ്ലിം വിഭാഗങ്ങളും മുസ്ലിം കേന്ദ്രീകൃത സംഘടനകളും കച്ച മുറുക്കുന്നു.
ഒന്നുകില്‍ ലീഗ് ഒപ്പം കൂട്ടുക, അല്ലെങ്കില്‍ മുസ്ലിം ലീഗിന്റെ, മുസ്ലിം മേല്‍ക്കോയ്മ തകര്‍ക്കുക എന്ന വിദൂര ലക്ഷ്യത്തോടെയാണ് നീക്കം. ഇതോടൊപ്പം ഒന്നുകില്‍ അധികാരത്തില്‍ പങ്കാളിത്തം ഇല്ലെങ്കില്‍ എല്ലാവരും അധികാരത്തിനു പുറത്ത് എന്ന ലക്ഷ്യവുമുണ്ടെന്ന് പറയുന്നു. ചെറു പാര്‍ട്ടികള്‍ക്ക് മത്സരത്തില്‍ ജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും വലിയ പാര്‍ട്ടിയെ തോല്‍പ്പിക്കാനുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്ന് അവരെ ബോധ്യപ്പെടുത്താന്‍ കൂടി ഇതിനു പിന്നില്‍ ശ്രമമുണ്ടെന്ന് സൂചനയുണ്ട്.
വെല്ലുവിളികളെ അതിജീവിക്കാന്‍ അതിഭീകര വാഗ്‌ധോരണി ഉയര്‍ത്താന്‍ ലീഗ് ശ്രമിക്കുകയോ നിര്‍ബന്ധിതരാവുകയോ ചെയ്താല്‍ പൊതു സമൂഹത്തിന്റെ ലീഗ് അനുകൂല സമീപനം എളുപ്പത്തില്‍ ഇല്ലാതാക്കാമെന്ന് ഈ വിഭാഗങ്ങള്‍ കരുതുന്നുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. അധികാരവും അതിന്റെ ഗുണങ്ങളും ഒരു വിഭാഗത്തില്‍ കേന്ദ്രീകരിക്കുന്നതും എതിരാളികളെ അധികാരസ്ഥാനങ്ങളുടെ നാലയലത്തു പോലും അടുപ്പിക്കാത്തതുമാണ് വിയോജിപ്പിന്റെ അടിസ്ഥാനമെന്നു അവരുടെ നിലപാടുകള്‍ വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ മൃദു സമീപനം സ്വീകരിക്കാന്‍ കഴിയാത്ത അവസ്ഥ ലീഗ് നേതൃത്വത്തിനുമുണ്ടെന്നതും മറു വിഭാഗം തിരിച്ചറിഞ്ഞു കഴിഞ്ഞു.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഉന്നം വച്ചുള്ള പോരാട്ടം തുടര്‍ന്നു വരുന്ന വിധിയെഴുത്തുകളിലും ആര്‍ജ്ജിത വീര്യത്തോടെ പ്രതിഫലിക്കാനിടയുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ പത്താം വാര്‍ഡില്‍ മത്സരിക്കുമെന്നു എസ്ഡിപിഐ മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് ഫൈസല്‍ പരവനടുക്കം അറിയിച്ചു.
പിഡിപി, മുസ്ലിം ലീഗിന്റെ ജില്ലയിലെ സ്വാധീന മേഖലകളായ മഞ്ചേശ്വരം, കാറഡുക്ക, കാസര്‍കോട് ബ്ലോക്കു പഞ്ചായത്ത് അതിര്‍ത്തികള്‍ കേന്ദ്രീകരിച്ചാണ് പോരാട്ടത്തിനു കച്ചമുറുക്കിയിട്ടുള്ളതെന്നു പാര്‍ട്ടി നേതാവ് യൂനുസ് തളങ്കര മുന്നറിയിച്ചു. മുസ്ലിം ലീഗിന്റെ കാസര്‍കോട് ജില്ലയിലെ ശക്തികേന്ദ്രങ്ങളായ മഞ്ചേശ്വരം പഞ്ചായത്തിലെ 10 വാര്‍ഡുകളിലും ബദിയഡുക്കയിലെ അഞ്ചു വാര്‍ഡുകളിലും കുംബഡാജെയിലെ മൂന്നു വാര്‍ഡുകളിലും ദേലമ്പാടിയിലെ നാലു വാര്‍ഡുകളിലും കുമ്പളയിലെ ആറു വാര്‍ഡുകളിലും മംഗല്‍പാടിയിലെ 11 വാര്‍ഡുകളിലും മുളിയാറിലെ മൂന്നു വാര്‍ഡുകളിലും പള്ളിക്കരയിലെ നാലു വാര്‍ഡുകളിലും ചെംനാട്ടെ മൂന്നു വാര്‍ഡുകളിലും അജാനൂരിലെ രണ്ടു വാര്‍ഡുകളിലും കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ രണ്ടു വാര്‍ഡിലും കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ ഒരു വാര്‍ഡിലും ജില്ലാ പഞ്ചായത്തിലെ ആറു ഡിവിഷനിലും കാസര്‍കോട്, കാറഡുക്ക, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തുകളിലെ 11 ഡിവിഷനുകളിലും സ്ഥാനാര്‍ത്ഥി ലിസ്റ്റ് 29നു തയ്യാറാക്കുമെന്നും ഇതിനു വേണ്ടി തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചതായും യൂനുസ് തളങ്കര വെളിപ്പെടുത്തി. എസ്ഡിപിഐയെപ്പോലെയോ പിഡിപിയെപ്പോലെയോ ഒറ്റക്കുള്ള കളിയില്‍ നിന്നു രക്ഷപ്പെട്ടു ഇടത് മുന്നണിയില്‍ ചുവടുറപ്പിച്ചിട്ടുള്ള ഐഎന്‍എല്‍ അവിടെ നിന്നു ലീഗിനും വെല്‍ഫയര്‍ പാര്‍ട്ടിക്കുമെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല, ലീഗിന്റെ സുരക്ഷിത അടിത്തറയായ സുന്നി വിഭാഗത്തില്‍ പ്രതിഷേധത്തിന്റെ വിത്തുവിതച്ചു വിള്ളലുണ്ടാക്കാനും മറ്റു വിഭാഗങ്ങളില്‍ പരസ്പര വിശ്വാസം തകര്‍ക്കാനുമുള്ള ശ്രമവും തുടരുന്നുണ്ടെന്നു സൂചനയുണ്ട്. ഭൂരിപക്ഷ മുസ്ലിം വിഭാഗങ്ങള്‍ എന്നും അകറ്റി നിറുത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ വിഭാഗമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഇനിയുള്ള തിരഞ്ഞെടുപ്പുകളില്‍ ലീഗ് നീക്കുപോക്കുണ്ടാക്കിയേക്കുമെന്നു ഐഎന്‍എല്‍ വക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു. അടുത്തിടെ ലീഗ് ജന.സെക്രട്ടറി പി.എം.എ സലാം ഇതുമായി ബന്ധപ്പെട്ടു നടത്തിയ പ്രസ്താവന ഐഎന്‍എല്‍ നേതൃത്വം എടുത്തു കാട്ടുന്നുണ്ട്. ലീഗും ജമാഅത്തെ ഇസ്ലാമിയുമായി വര്‍ഷങ്ങളായുള്ള ബന്ധം ഇനിയുള്ള തിരഞ്ഞെടുപ്പുകളോടെ മറ നീക്കി പുറത്തുവരുമെന്നതിന്റെ മുന്നറിയിപ്പാണിതെന്നു നാഷണല്‍ ലീഗ് ഉത്കണ്ഠ പ്രകടിപ്പിച്ചു. ലീഗ്-വെല്‍ഫയര്‍ സഖ്യമുണ്ടായാല്‍ അത് ലീഗിന്റെ വോട്ടുബാങ്കായ സുന്നികള്‍ എങ്ങനെ സഹിക്കുമെന്നും അവര്‍ക്ക് ആശങ്കയുണ്ട്. ഇത്തരം ആശങ്കകള്‍ മുജാഹിദ് വിഭാഗങ്ങളെയും അസ്വസ്ഥരാക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.
അതേ സമയം അഴിമതിയില്ലാത്ത വികസനവും അവകാശങ്ങള്‍ അര്‍ഹരിലെത്തിക്കുന്ന അവസ്ഥയും ഉണ്ടാക്കുക എന്നതാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്ന് എസ്ഡിപിഐ ചൂണ്ടിക്കാട്ടി. കാസര്‍കോട് മുനിസിപ്പാലിറ്റി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്നു. അവരെ ചെളിക്കുഴിയില്‍ നിന്നു കരക്കു കയറ്റാന്‍ പ്രതിപക്ഷം കച്ചമുറുക്കി നില്‍ക്കുന്നു. അതേ സമയം ഭരണക്കാര്‍ തമ്മില്‍ത്തല്ലുന്നു. വികസനം മുരടിക്കുന്നു. ബദല്‍ രാഷ്ട്രീയം ജനങ്ങള്‍ ആഗ്രഹിക്കുന്നു. എസ്ഡിപിഐക്ക് അതു കഴിയും-എസ്ഡിപിഐ മുനിസിപ്പല്‍ കമ്മറ്റി പ്രസിഡണ്ട് ഫൈസല്‍ പറഞ്ഞു.







