പി പി ചെറിയാൻ
ടെക്സാസ് :ടെക്‌സാസിലെ അന്നാ ഐ.എസ്.ഡി.യിലെ ഹെൻഡ്രിക്സ് എലമെന്ററി സ്‌കൂളിലെ 5 വയസ്സുള്ള പെൺകുട്ടിയെ കയ്യിൽ പിടിച്ച് ഉന്തിയെന്ന പരാതിയിൽ കിൻഡർഗാർട്ടൻ അധ്യാപിക മിക്കേയ്ലാ ബെത്ത് പ്രീസ്റ്റ് അറസ്റ്റിലായി. കുട്ടിയുടെ കൈയിൽ പാടുകൾ കണ്ടതിനെ തുടർന്ന്, അധ്യാപികയെ ഉടൻ സ്‌കൂളിൽ നിന്നു നീക്കം ചെയ്തു. ഇവർക്ക് ഇനി അന്നാ സ്കൂൾ ജില്ലയിൽ ജോലി ഇല്ല.
കുട്ടിയുടെ കൈയിൽ സ്പഷ്ടമായ മൂന്ന് വിരലടയാളങ്ങൾ ഉണ്ടായിരുന്നുവെന്നും, ഇത് മറ്റൊരു അധ്യാപിക റീസസ്സിൽ കാണുകയും, സ്കൂൾ അധികൃതരെ അറിയിക്കുകയുമായിരുന്നുവെന്നും പറയുന്നു.
സ്കൂളുകൾ കുട്ടികൾക്ക് സുരക്ഷിതമായ ഇടങ്ങളാകേണ്ടതാണെന്നും, ഇത്തരം സംഭവങ്ങൾക്കെതിരെ കർശന നടപടി ആവശ്യമാണെന്നും മാതാവ് പറഞ്ഞു.







