‘പെണ്‍സുഹൃത്തുമായുള്ള സ്വകാര്യ ദൃശ്യം പുറത്തുവിടും’; സുഹൃത്തുക്കളുടെ ഭീഷണിയില്‍ ഭയന്ന യുവാവ് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ചു

മംഗളൂരു: കാമുകിയുമൊത്തുള്ള സ്വകാര്യ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിയെ തുടര്‍ന്ന് യുവാവ് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ചു. കാര്‍ക്കാള നിട്ടെ പരപ്പടി സ്വദേശിയായ അഭിഷേക് ആചാര്യ(23) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം കാര്‍ക്കാള ബെല്‍മാനിലെ ഒരു സ്വകാര്യ ലോഡ്ജിലാണ് സംഭവം.
മംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരുന്ന അഭിഷേക് ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു. യുവതിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ അഭിഷേക് മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ സുഹൃത്തുക്കള്‍ കാണുവാനിടയായി. തുടര്‍ന്ന് ഈ അവിഹിത ബന്ധത്തെക്കുറിച്ച് അറിഞ്ഞുവെന്നും സ്വകാര്യ വീഡിയോ വൈറലാക്കുമെന്നും അഭിഷേകിനെ ഭീഷണിപ്പെടുത്തിയതായും പറയപ്പെടുന്നു. തുടര്‍ച്ചയായ മാനസിക പീഡനത്തിലും അപമാനത്തിലും മനംനൊന്താണ് അഭിഷേക് ജീവനൊടുക്കിയതെന്നാണ് ആത്മഹത്യാകുറിപ്പില്‍നിന്ന് വ്യക്തമാകുന്നത്. ബ്ലാക്ക് മെയില്‍ ചെയ്തുകൊണ്ടിരുന്ന നാല് വ്യക്തികളുടെ പേരുകള്‍ പരാമര്‍ശിച്ച് ഒരു മരണക്കുറിപ്പ് എഴുതിവെച്ചാണ് ലോഡ്ജ് മുറിയില്‍ അഭിഷേക് തൂങ്ങിമരിച്ചത്. കാര്‍ക്കള റൂറല്‍ പൊലീസ് സംഭവസ്ഥലം സന്ദര്‍ശിച്ചു. ആത്മഹത്യാ കുറിപ്പും മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. അഭിഷേകിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ഡാറ്റ വീണ്ടെടുത്തതിനുശേഷം മാത്രമേ ആത്മഹത്യയ്ക്ക് പിന്നിലെ കൃത്യമായ കാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page