ജിമ്മില്‍ വ്യായാമത്തിനു ശേഷം വെള്ളം കുടിച്ചതിനു പിന്നാലെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. മഹാരാഷ്ട പുനെയിലെ പിംപ്രി ചിന്‍ച്വാഡിലുള്ള ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ മിലിന്ദ് കുല്‍ക്കര്‍ണി എന്ന യുവാവാണ് മരിച്ചത്. വെളളിയാഴ്ച രാവിലെ 7.15 ഓടെയാണ് നൈട്രോ ജിമ്മില്‍ സംഭവം. വ്യായാമത്തിനിടെ തലകറക്കം അനുഭവപ്പെട്ടതായും വാട്ടര്‍ കൂളറിലേക്ക് നടക്കുമ്പോള്‍ കുഴഞ്ഞുവീണതായും ജിം ജീവനക്കാര്‍ പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വര്‍ക്കൗട്ടിനിടെ കുപ്പിയെടുത്ത് വെള്ളംകുടിക്കുന്നതും ഉടന്‍തന്നെ വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. ജിമ്മില്‍ ഉള്ളവര്‍ വൈകാതെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മിലിന്ദിന് 60 മുതല്‍ 70 ശതമാനം വരെ ബ്ലോക്കുകള്‍ ഉണ്ടായിരുന്നെന്നു ഡോക്ടര്‍മാര്‍ പറയുന്നു.
അടുത്തിടെയായി യുവാക്കള്‍ക്കിടയിലെ ഹൃദയാഘാതനിരക്ക് വര്‍ധിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ മാത്രം ഹൃദ്രോഗസംബന്ധമായ രോഗങ്ങള്‍ കാരണം മരണപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍കാലങ്ങളില്‍ പ്രായമായവരില്‍ മാത്രം കൂടുതലായി കണ്ടിരുന്ന ഹൃദയാഘാത മരണങ്ങള്‍ മുപ്പതുകളിലും നാല്‍പതുകളിലും സാധാരണമാവുകയും ചെയ്തു. വ്യായാമത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാതിരിക്കുകയും ആരോഗ്യകരമായ ഭക്ഷണശീലം പാലിക്കുകയും മതിയായ ഉറക്കം ലഭ്യമാക്കുകയും പുകവലി, മദ്യപാനം തുടങ്ങിയ ദുശീലങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നതിലൂടെ ഹൃദയാരോഗ്യം കാക്കാമെന്ന് വിദഗ്ധര്‍ പറയുന്നു.
