തമിഴ് നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല; ഇതരജാതിയില്‍പ്പെട്ട യുവതിയെ പ്രണയിച്ച ഐ ടി ജീവനക്കാരനെ വെട്ടിക്കൊന്നു

ചെന്നൈ: ഇതരജാതിയില്‍പ്പെട്ട യുവതിയെ പ്രണയിച്ചതിന്റെ പേരില്‍ 27 കാരനായ ദളിത് യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. തമിഴ് നാട് തിരുനെല്‍വേലി കെടിസി നഗറിലാണ് സംഭവം. തൂത്തുക്കുടി ജില്ലയിലെ അറുമുഗമംഗലം സ്വദേശിയായ ഐ ടി ജീവനക്കാരന്‍ കെവിന്‍ സെല്‍വ ഗണേഷിനെയാണ് കൊലപ്പെടുത്തിയത്. എസ് സുര്‍ജിത് (23) എന്ന് പരിചയപ്പെടുത്തിയ യുവാവ് മൂര്‍ച്ഛയേറിയ ആയുധംകൊണ്ട് വെട്ടുകയായിരുന്നു. പ്രതിയുടെ സഹോദരിയുമായി കെവിന്‍ ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. കെവിനുമായുള്ള ബന്ധത്തിന് യുവതിയുടെ കുടുംബം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. കൂടാതെ യുവതിയുടെ കുടുംബാംഗങ്ങളില്‍ നിന്നും കെവിന് ഭീഷണിയുണ്ടായിരുന്നു. ഇക്കാര്യം കെവിന്‍ തന്റെ സഹോദരനെ അറിയിച്ചിരുന്നുവെങ്കിലും പൊലീസിൽ അറിയിച്ചില്ല. ഞായറാഴ്ച ഉച്ചയോടെ സിദ്ധ ഡോക്ടറായ യുവതിയുടെ ക്ലിനിക്കില്‍ മുത്തച്ഛനെ ചികിത്സിക്കാനെത്തിയതായിരുന്നു കെവിന്‍. ക്ലിനിക്കിന് പുറത്ത് കാത്തുനിന്ന സുര്‍ജിത് കെവിനെ ജാതി അധിക്ഷേപം നടത്തുകയും വടിവാള്‍ ഉപയോഗിച്ച് വെട്ടുകയുമായിരുന്നു. യുവതിയുടെ മാതാപിതാക്കളെ ഒന്നാംപ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. ഇരുവരും പൊലീസ് ഉദ്യോഗസ്ഥരാണ്. കെവിന്റെ മാതാവിന്റെ പരാതിയിലാണ് നടപടി. കേസില്‍ മൂന്നാം പ്രതിയാണ് സുര്‍ജിത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം കടലൂർ ജില്ലയിലെ ചിദംബരത്ത് ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ മടപ്പുറം സ്വദേശിനിയായ അബിത (26)യെ പിതാവ് അർജുനൻ കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page