തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര 17 മണിക്കൂര്‍ പിന്നിടുമ്പോൾ കൊല്ലം ജില്ലയിലെ ഓച്ചിറയിൽ ആണ് എത്തിയത്. പുലര്‍ച്ചെ 6 മണിക്കും കൊല്ലം ജില്ല കടക്കാൻ വിലാപയാത്രയ്ക്ക് കഴിഞ്ഞിട്ടില്ല. സ്മരണകൾ ഇരുമ്പുന്ന വീഥിയിലൂടെ വിലാപയാത്ര പോകുമ്പോൾ കണ്ടിട്ടേ മടങ്ങു എന്ന വാശിയിലാണ് മുദ്രാവാക്യങ്ങളുമായി ആളുകൾ കാത്തു നിൽക്കുന്നത്. കനത്ത മഴയും പ്രതികൂല സാഹചര്യങ്ങളെല്ലാം അവഗണിച്ച് അഭൂതപൂര്‍വമായ ആൾക്കൂട്ടമാണ് വിഎസിന് യാത്രയയപ്പ് നൽകാൻ എല്ലാ പോയിന്റുകളിലും എത്തുന്നത്. പാരിപ്പള്ളിയിലും ചിന്നക്കടയിലുമടക്കം കനത്ത മഴെയെയും അവഗണിച്ച് മുദ്രാവാക്യങ്ങളുമായി നിരവധി പേരാണ് വഴിയരികിൽ പ്രിയ സഖാവിനെ അവസാനമായി കാണാനെത്തിയത്. രാവിലെ ആയിട്ടും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വന്‍ജനാവലിയാണ് കണ്ണേ.. കരളേ വി എസ്സേ എന്ന് മുദ്രാവാക്യം മുഴക്കി കാത്തുനിന്നത്. വി എസ്സിനെ വഹിച്ചുകൊണ്ടുള്ള വാഹനത്തില്‍ ഒരു വട്ടമെങ്കിലും തൊടാന്‍, പ്രിയ സഖാവിനെ അവസാനമായി ഒരു നോക്കെങ്കിലും കാണാന്‍ കണ്ണീരൊഴുക്കി ജനസഞ്ചയം കാത്തുനില്‍ക്കുന്ന കാഴ്ച മലയാളിക്ക് ആരാണ് വി എസ്സ് എന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു.
ഇനി ഓച്ചിറയിലും കഴിഞ്ഞ്
വിലാപയാത്ര വിഎസിന്റെ സ്വന്തം മണ്ണായ ആലപ്പുഴ ജില്ലയിലേക്ക്കടക്കും. രാവിലെ 10 മണിയോടെ സിപിഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനുവയ്ക്കുമെന്നാണ് നേരത്തെ അറിയിച്ചിട്ടുള്ളത്. ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പ്രത്യേകം ഒരുക്കിയ പന്തലിലാണ് പൊതുജനങ്ങള്‍ക്ക് പൊതുദര്‍ശനത്തിന് സൗകര്യം ഒരുക്കിയിട്ടുള്ളത്. ആലപ്പുഴ വലിയ ചുടുകാട്ടില്‍ ഔദ്യോഗിക ചടങ്ങുകളോടെയാണ് സംസ്‌കാരം. അതേസമയം, വിഎസിൻ്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴയിലെത്തി.

Priya nethavinu aadaranjalikal……
🙏🙏🙏🙏🙏🙏🙏🙏