ഭര്‍ത്താവിന് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിക്കുന്നത് വിവാഹമോചനത്തിനുള്ള കാരണം; ബോംബെ ഹൈക്കോടതി

മുംബൈ: ഭര്‍ത്താവിന് ശാരീരിക ബന്ധം നിഷേധിക്കുന്നതും വിവാഹേതര ബന്ധമുണ്ടെന്ന് സംശയിക്കുന്നതും വിവാഹമോചനത്തിന് മതിയായ കാരണമെന്നു ബോംബെ ഹൈക്കോടതി. കുടുംബ കോടതിയുടെ വിവാഹമോചന ഉത്തരവിനെ ചോദ്യം ചെയ്ത് ഭാര്യ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
ഭാര്യയുടെ ഈ പെരുമാറ്റം ഭര്‍ത്താവിനോടുള്ള ക്രൂരതയായി കണക്കാക്കാമെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ രേവതി മോഹിതെ ഡെറെ, നീല ഗോഖലെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിവാഹമോചനം അനുവദിച്ചുകൊണ്ട് പുണെയിലെ കുടുംബകോടതി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്തുകൊണ്ടുള്ള യുവതിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
തനിക്ക് മാസം തോറും ഒരുലക്ഷം രൂപ ജീവനാംശമായി നല്‍കാന്‍ നിര്‍ദ്ദേശിക്കണമെന്നും യുവതി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. 2013 ലാണ് ദമ്പതികള്‍ വിവാഹിതരായത്. പക്ഷേ, 2014 ഡിസംബറില്‍ ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങി. 2015 ലാണ് ഭര്‍ത്താവ് പൂനെയിലെ കുടുംബ കോടതിയെ സമീപിച്ചത്. ക്രൂരത ആരോപിച്ചാണ് വിവാഹമോചനം തേടിയത്. ഭര്‍തൃവീട്ടുകാര്‍ തന്നെ പീഡിപ്പിച്ചിരുന്നെങ്കിലും, ഭര്‍ത്താവിനോട് തനിക്ക് ഇപ്പോഴും സ്നേഹം ഉള്ളതിനാല്‍ വിവാഹബന്ധം വേര്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് യുവതി ഹര്‍ജിയില്‍ പറഞ്ഞത്. എന്നാല്‍, ഭാര്യ തനിക്ക് ശാരീരിക ബന്ധം നിഷേധിക്കുന്നുവെന്നും വിവാഹേതര ബന്ധം ഉള്ളതായി സംശയിക്കുന്നുവെന്നും ഭര്‍ത്താവ് ആരോപിച്ചു. തന്റെ വീട്ടുകാര്‍ക്കും, സുഹൃത്തുക്കള്‍ക്കും ജീവനക്കാര്‍ക്കും മുമ്പാകെ പരസ്യമായി അപമാനിക്കുന്നത് കൊണ്ടാണ് തനിക്ക് മാനസിക ക്ലേശം ഉണ്ടാകുന്നതായും ഭര്‍ത്താവ് ഹര്‍ജിയില്‍ പറഞ്ഞു. തന്റെ വീട് വിട്ട് സ്വന്തം വീട്ടിലേക്ക് പോയ ഭാര്യ തന്നെ ഉപേക്ഷിച്ചെന്നും അദ്ദേഹം ഹര്‍ജിയില്‍ ആരോപിച്ചു. ഭര്‍ത്താവിന്റെ സുഹൃത്തുക്കളുടെ മുന്നില്‍ വെച്ച് അപമാനിക്കുന്നതും ഭിന്നശേഷിക്കാരിയായ സഹോദരിയോടുള്ള ഭാര്യയുടെ പെരുമാറ്റവും അദ്ദേഹത്തിനും കുടുംബാംഗങ്ങള്‍ക്കും വേദനയുണ്ടാക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. വിളക്കി ചേര്‍ക്കാനാവാത്ത വിധം ദമ്പതികളുടെ ബന്ധം തകര്‍ന്നു എന്നും യുവതിയുടെ ഹര്‍ജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page