മദ്യലഹരിയില്‍ ക്ഷേത്രത്തില്‍ മോഷണം നടത്താനെത്തി; ഉറങ്ങിപ്പോയ കള്ളനെ രാവിലെ വിളിച്ചുണര്‍ത്തിയത് പൊലീസ്

റാഞ്ചി: ക്ഷേത്രത്തിനുള്ളില്‍ ഉറങ്ങിപ്പോയ കള്ളനെ നാട്ടുകാരും പൂജാരിയും ചേര്‍ന്ന് പിടികൂടി പൊലീസിന് കൈമാറി. വെസ്റ്റ് സിംഗ്ഭുമിലെ കാളി ക്ഷേത്രത്തിലാണ് സംഭവം. മോഷ്ടിക്കാനായി കഴിഞ്ഞ ദിവസം രാത്രി ക്ഷേത്രത്തിനുള്ളില്‍ അതിക്രമിച്ച് കയറിയ വീര്‍ നായക് എന്ന മോഷ്ടാവ് സാധനങ്ങളും പണവും ബാഗില്‍ നിറച്ചു. പോകാന്‍ നേരത്ത് അല്‍പം മയങ്ങാമെന്ന് കരുതി കിടന്നു. മദ്യലഹരിലായിരുന്ന കള്ളന്‍ പിന്നീട് ഉറങ്ങിപ്പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് രാവിലെ പൊലീസ് സ്ഥലത്തെത്തിയാണ് കള്ളനെ വിളിച്ചുണര്‍ത്തിയത്. മോഷ്ടിച്ച വസ്തുക്കളും കസ്റ്റഡിയിലെടുത്തു
ക്ഷേത്രത്തിന്റെ പിന്‍വാതില്‍ തകര്‍ത്താണ് വീര്‍ നായക് അകത്തുകടന്നത്.
ക്ഷേത്രത്തിലെ സ്വര്‍ണം, വെള്ളി ആഭരണങ്ങളും ദേവിയുടെ കിരീടവും വിലപിടിപ്പുള്ള മറ്റ് വസ്തുക്കളും ഇയാള്‍ കൈക്കലാക്കിയിരുന്നു. രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് കള്ളനെ ആദ്യം കണ്ടത്.
വിഗ്രഹത്തിന് സമീപം കിടന്നുറങ്ങുന്നയാളെ കണ്ട് ആദ്യം ഭയന്നെങ്കിലും മോഷണ ശ്രമമായിരുന്നുവെന്ന് മനസിലായി. അദ്ദേഹം ഉടന്‍തന്നെ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. തിങ്കളാഴ്ച രാത്രി ക്ഷേത്രത്തില്‍ കയറുന്നതിന് മുമ്പ് സുഹൃത്തുക്കളോടൊപ്പം ധാരാളം മദ്യം കഴിച്ചു. വിലപിടിപ്പുള്ള വസ്തുക്കള്‍ ശേഖരിച്ച ശേഷം എന്താണ് സംഭവിച്ചതെന്നും എങ്ങനെ ഉറങ്ങിപ്പോയെന്നും ഓര്‍മ്മയില്ലെന്ന് കള്ളന്‍ പറഞ്ഞു. ദൈവത്തിന്റെ ശക്തി കാരണമാണ് പ്രതിക്ക് രക്ഷപ്പെടാനാകാത്തത് എന്നാണ് പ്രദേശവാസികളും ഭക്തരും പറയുന്നത്. ഇത് അസാധാരണമായ സംഭവമാണെന്ന് പൂജാരിയും പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് സ്റ്റേഷന്‍ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ ബലേശ്വര്‍ ഒറാവോണ്‍ പറഞ്ഞത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page