ന്യൂഡല്‍ഹി: കൊവിഡിനുശേഷം യുവാക്കളുടെ പെട്ടെന്നുള്ള മരണങ്ങള്‍ കൂടിവരുന്നതിന് കാരണം കൊവിഡ് വാക്‌സിനല്ലെന്ന് വിദഗ്ദ്ധര്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐസിഎംആര്‍) എയിംസും നടത്തിയ പഠനങ്ങളിലാണ് ഇത് കണ്ടെത്തിയത്. നാല്‍പ്പതുവയസിന് താഴെയുള്ളവരില്‍ ഹൃദയാഘാത നിരക്ക് കുത്തനെ വര്‍ദ്ധിക്കുന്നതിനിടെയാണ് പുതിയ കണ്ടെത്തല്‍ പുറത്തുവന്നത്. അതേസമയം വാക്‌സിനുകള്‍ക്ക് പാര്‍ശ്വഫലങ്ങളുണ്ടെന്ന് പറയുന്നു. ജീവിത ശൈലികളും മുന്‍കാല സാഹചര്യങ്ങളും കുടുംബ പശ്ചാത്തലവുമൊക്കെയാണ് മരണത്തിന് പിന്നിലെ പ്രധാന കാരണമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അതിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി വഴി 2023 മെയ് മുതല്‍ ഓഗസ്റ്റ് വരെ 19 സംസ്ഥാനങ്ങളിലെ 47 ആശുപത്രികളിലായി 18 നും 45 നും ഇടയില്‍ പ്രായമുള്ള യുവാക്കളുടെ മരണത്തെ കുറിച്ച് പഠനം നടത്തിയിരുന്നു. യുവാക്കള്‍ക്കിടയില്‍ പെട്ടെന്നുള്ള മരണങ്ങള്‍ കൂടിയതോടെയാണ് കോവിഡ് വാക്‌സിന് മരണവുമായി ബന്ധമുണ്ടോ എന്ന് ഉറപ്പാക്കാന്‍ പഠനം നടത്തിയത്. പഠനത്തില്‍ വാക്‌സിന് ഹൃദയാഘാതവുമായി ബന്ധമുണ്ടെന്ന് കണ്ടെത്താനായില്ല. വേണ്ടത്ര പരിശോധനകളും പരീക്ഷണങ്ങളും നടത്താതെ പെട്ടെന്ന് വാക്‌സിന്‍ മനുഷ്യരില്‍ പ്രയോഗിച്ചതിന്റെ ദൂഷ്യവശങ്ങളാണ് ഇതെല്ലാം എന്നതരത്തിലായിരുന്നു ആക്ഷേപം ഉയര്‍ന്നത്. വ്യായാമമില്ലാത്തതും ജീവിത ശൈലികളിലെ പ്രശ്‌നങ്ങളും വലിയ തോതില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നു എന്ന് വിദഗ്ദ്ധര്‍ നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
രാജ്യത്തെ അടുത്തിടെ പിടിച്ചുകുലുക്കിയ അത്തരമൊരു പെട്ടെന്നുള്ള മരണമായിരുന്നു നടി ഷെഫാലി ജരിവാലയുടേത്. കഴിഞ്ഞയാഴ്ച മുംബൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് നടി മരിച്ചത്. അവര്‍ക്ക് 42 വയസ്സായിരുന്നു പ്രായം. മരണത്തിന് കാരണം രക്തസമ്മര്‍ദ്ദത്തിലുണ്ടായ പെട്ടെന്നുള്ള കുറവാണെന്ന് ഡോക്ടര്‍മാര്‍ സംശയിക്കുന്നു.
