ബെംഗളൂരു: ഇൻഫോസിസ് ക്യാംപസിലെ ശുചിമുറിയിൽ നിന്ന് സഹപ്രവർത്തകയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ ഐടി ജീവനക്കാരൻ അറസ്റ്റിൽ. ഇൻഫോസിസ് സീനിയർ അസോസിയേറ്റ് നാഗേഷ് സ്വപ്നിൽ മാലിയെയാണ് ഇലക്ട്രോണിക് സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്.
ജൂൺ 30ന് ഇൻഫോസിസിന്റെ ഇലക്ട്രോണിക് സിറ്റിയെ ക്യാംപസിലാണ് സംഭവം നടന്നത്.
ശുചിമുറി ഉപയോഗിക്കുന്നതിനിടെ നിഴൽ ശ്രദ്ധയിൽപെട്ട വനിത ജീവനക്കാരി നടത്തിയ പരിശോധനയിൽ അടുത്തുള്ള ക്യൂബിക്കിളിൽ നിന്ന് നാഗേഷ് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നതായി കണ്ടെത്തുകയായിരുന്നു. ഇതോടെ പുറത്തേക്ക് ഇറങ്ങി ഓടിയ ഇവർ സഹപ്രവർത്തകരെ വിവരം അറിയിച്ചു. ഇവർ ചേർന്ന് നാഗേഷിനെ തടഞ്ഞുവച്ച ശേഷം പൊലീസിനെ ഏൽപിച്ചു.
ഇയാളുടെ ഫോണിൽ നിന്ന് പരാതിക്കാരിക്കു പുറമെ മറ്റൊരു വനിത ജീവനക്കാരിയുടെ വിഡിയോയും ലഭിച്ചു.
ഇയാൾ കൂടുതൽ സ്ത്രീകളുടെ വിഡിയോകൾ പകർത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഇതിനായി ഡിലീറ്റ് ചെയ്ത വിഡിയോകൾ വീണ്ടെടുക്കാൻ മൊബൈൽ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചതായും പൊലീസ് അറിയിച്ചു. മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ നാഗേഷ് 3 മാസം മുൻപാണ് കമ്പനിയിൽ ചേർന്നത്.
