ചെന്നൈ: സ്ത്രീധനപീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യചെയ്തു. തമിഴ്‌നാട് തിരുപ്പൂരിലെ റിധന്യ (27) ആണ് കാറില്‍ വച്ച് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. സ്ത്രീധനപീഡനം വിവരിക്കുന്ന ഓഡിയോ സംഭാഷണം പുറത്ത് വിട്ടാണ് യുവതി ആത്മഹത്യചെയ്തത്. ഏപ്രിലിലാണ് കെവന്‍ കുമാനുമായുള്ള വിവാഹം നടന്നത്. 100 പവന്‍ സ്വര്‍ണവും 70 ലക്ഷം രൂപയുടെ കാറും നല്‍കിയാണ് കല്യാണം നടത്തിയത്. തുടര്‍ന്നിങ്ങോട്ടുള്ള ദിവസങ്ങളില്‍ നിരന്ത പീഡനമായിരുന്നു ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും ഭാഗത്തുനിന്നുണ്ടായത്. ഞായറാഴ്ച, മോണ്ടിപാളയത്തുള്ള ഒരു ക്ഷേത്രത്തില്‍ പോകുന്നുവെന്ന് പറഞ്ഞ് റിധന്യ വീട്ടില്‍ നിന്ന് ഇറങ്ങുകയായിരുന്നു. യാത്രാമധ്യേ വഴിയില്‍ കാര്‍ നിര്‍ത്തി കീടനാശിനിയായി ഉപയോഗിക്കുന്ന ഗുളികകള്‍ കഴിച്ചുവെന്നാണ് വിവരം. പ്രദേശത്ത് ഏറെ നേരം പാര്‍ക്ക് ചെയ്തിരുന്ന ഒരു കാര്‍ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയില്‍ റിധന്യയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തിന് മുമ്പ് അവള്‍ പിതാവിന് വാട്ട്സ്ആപ്പില്‍ ഏഴ് ഓഡിയോ സന്ദേശങ്ങള്‍ അയച്ചിരുന്നുവെന്നും പീഡനം സഹിക്കാന്‍ വയ്യാതെയാണ് ജീവനൊടുക്കുന്നതെന്നും പിതാവ് പറയുന്നു. ‘എന്റെ ജീവിതകാലം മുഴുവന്‍ നിങ്ങള്‍ക്ക് ഒരു ഭാരമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. എനിക്ക് ഈ ജീവിതം ഇഷ്ടമല്ല. അവന്‍ എന്നെ ശാരീരികമായി പീഡിപ്പിക്കുമ്പോള്‍ അവര്‍ എന്നെ മാനസികമായി ആക്രമിക്കുകയാണ്. എനിക്ക് ഈ ജീവിതം ഇഷ്ടമല്ല. ഈ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ താല്‍പര്യമില്ല. നിങ്ങളും അമ്മയുമാണ് എന്റെ ലോകം. എന്റെ അവസാന ശ്വാസം വരെ അച്ഛനായിരുന്നു എന്റെ പ്രതീക്ഷ, പക്ഷേ ഞാന്‍ നിങ്ങളെ വല്ലാതെ വേദനിപ്പിച്ചു. ക്ഷമിക്കണം അച്ഛാ എല്ലാം കഴിഞ്ഞു. ഞാന്‍ പോകുന്നു…’ റിധന്യയുടെ സന്ദേശത്തില്‍ പറയുന്നു. സംഭവത്തില്‍ റിധന്യയുടെ ഭര്‍ത്താവ് കവിന്‍ കുമാര്‍, മാതാപിതാക്കളായ ഈശ്വരമൂര്‍ത്തി, ചിത്രാദേവി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
