ബെംഗളൂരു: ബാഗിനുള്ളിലാക്കിയ നിലയിൽ യുവതിയുടെ മൃതശരീരം മാലിന്യം കൊണ്ടു പോകുന്ന ലോറിയിൽ കണ്ടെത്തി. കാലുകൾ കഴുത്തുമായി കെട്ടിയിട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്. ജീൻസ് പാന്റും ടീഷർട്ടും ആണ് വേഷം. ശനിയാഴ്ച രാത്രി ബെംഗളൂരുവിലാണ് സംഭവം. സ്ത്രീക്ക് ഏകദേശം 25-30 വയസ്സ് പ്രായമുണ്ടെന്നാണ് അധികൃതർ പറയുന്നത്. ശനിയാഴ്ച
പുലർച്ചെ ഒന്നിനും മൂന്നിനും ഇടയിലായാവണം മൃതദേഹം ബാഗിലാക്കി അജ്ഞാതർ ട്രക്കിനുള്ളിൽ ഉപേക്ഷിച്ചതെന്ന് പൊലീസ് പറഞ്ഞു. മാലിന്യം ശേഖരിക്കുന്ന ട്രക്കിൻ്റെ ഡ്രൈവർ ആണ് ബാഗ് ആദ്യം കണ്ടത്. തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കൊലപാതക കേസ് രജിസ്റ്റർ ചെയ്തെന്നും അന്വേഷണം നടത്തുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു. കൊലപാതകത്തിന് മുമ്പ് സ്ത്രീ ലൈംഗികാതിക്രമത്തിന് ഇരയായതായാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിക്കുന്ന സൂചന. അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
