ബെംഗളൂരു: നഗരത്തിൽ അജ്ഞാതയായ സ്ത്രീയുടെ മൃതദേഹം ചാക്കിലാക്കി മാലിന്യ ലോറിയിൽ തള്ളി. 30-35 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയാണ് മരിച്ചത്. മൃതദേഹത്തിന്റെ കൈയ്യും കാലും കെട്ടിയ നിലയിലായിരുന്നു. ഓട്ടോയിലെത്തിയ ആളാണ് മൃതദേഹം മാലിന്യ ലോറിയിൽ തള്ളിയതെന്നാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നൽകുന്ന സൂചന. എല്ലാ ദിവസവും ഇതേ സ്ഥലത്ത് ട്രക്ക് നിർത്തിയിടുകയാണ് ചെയ്യുന്നത്. അതിനാൽ സ്ഥലത്തെക്കുറിച്ച് കൃത്യമായ അറിവുള്ളയാളാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. കേസെടുത്ത പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. മേഖലയിലെ മുഴുവൻ സിസിടിവി ക്യാമറകളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
