ദെഹ്റാദൂൺ: ബഹുഭാര്യത്വം നിരോധിക്കുന്ന ഏകസിവിൽ കോഡ് നടപ്പിലാക്കിയ ഉത്തരാഖണ്ഡിൽ വിവാഹമോചനം നടത്താതെ ണ്ടാമതും വിവാഹം കഴിച്ച മുൻ എംഎൽഎയെ പാർട്ടിയിൽ നിന്ന് പുറത്താക്കി ബിജെപി. മുൻ എംഎൽഎയും മുതിർന്ന നേതാവുമായ സുരേഷ് റാത്തോഡിനെയാണ് 6 വർഷത്തേക്ക് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. പാർട്ടി അച്ചടക്കവും സാമൂഹിക പെരുമാറ്റച്ചട്ടങ്ങളും ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് നടപടി.2017-2022 കാലയളവിൽ ജ്വാലാപുർ മണ്ഡലത്തിലെ എംഎൽഎയായിരുന്ന സുരേഷ് കഴിഞ്ഞ ദിവസമാണ് നടി ഊർമിള സനവാറിനെ വിവാഹം ചെയ്തത്. ആദ്യ ഭാര്യ രവീന്ദ്ര കൗറുമായുള്ള ബന്ധം നിയമപരമായി വേർപെടുത്താതെയായിരുന്നു രണ്ടാം വിവാഹം. സംഭവത്തിൽ ബിജെപിയ്ക്കെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ഏകസിവിൽ കോഡ് രാഷ്ട്രീയ എതിരാളികൾക്കു മാത്രമുള്ളതാണോയെന്നും ബിജെപിയുടെ നേതാക്കൾക്കു ബാധകമല്ലേയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ഇതോടെയാണ് നടപടി.കഴിഞ്ഞ ജനുവരിയിലാണ് ഏകസിവിൽ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറിയത്. ബഹുഭാര്യത്വം നിരോധിക്കുന്നതും കുറ്റരമാക്കുന്നതും ഉൾപ്പെടെ കടുത്ത വ്യവസ്ഥകളാണ് നിയമത്തിലുണ്ടായിരുന്നത്.
