ഷൂസ് ധരിച്ചെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം ദേഹത്ത് ഡസ്‌ക് തള്ളിയിട്ടു പരിക്കേല്‍പ്പിച്ചു; ആറു പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ റാഗിംഗ് വകുപ്പ് പ്രകാരം കേസ്, സമാനമായ മറ്റൊരു കേസില്‍ റാഗിംഗ് വകുപ്പു കൂട്ടിച്ചേര്‍ത്തു

കാസര്‍കോട്: ആദൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഷൂസ് ധരിച്ചെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ദേഹത്ത് ഡസ്‌കിട്ട് പരിക്കേല്‍പ്പിക്കുകയും ചെയ്തതായി പരാതി. സംഭവത്തില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളായ ആറു പേര്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. റാഗിംഗിനു എതിരായ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ജൂണ്‍ 20നാണ് കേസിനാസ്പദമായ സംഭവം. ക്ലാസ് മുറിയിലും ബസ് സ്റ്റോപ്പ് പരിസരത്തും നടന്ന ക്രൂരമായ മര്‍ദ്ദനത്തെ കുറിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഭയം കാരണം ആരോടും പറഞ്ഞിരുന്നില്ല. എന്നാല്‍ രണ്ടു ദിവസത്തിനു ശേഷം കഴുത്ത് അനക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെയാണ് മര്‍ദ്ദനത്തിനു ഇരയായ കാര്യം പുറത്ത് പറഞ്ഞത്. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം പ്രിന്‍സിപ്പലിനും ആദൂര്‍ പൊലീസിലും പരാതി നല്‍കി. പൊലീസിന്റെ ആവശ്യപ്രകാരം സ്‌കൂളിലെ ആന്റി റാഗിംഗ് കമ്മറ്റി അന്വേഷണം നടത്തി. ഷൂസ് ധരിച്ച് ക്ലാസിലെത്തിയതിന്റെ വിരോധത്തിലാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായ റാഗിംഗിനു ഇരയാക്കിയതെന്നു കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഇതേ തുടര്‍ന്നാണ് ആന്റി റാഗിംഗ് വകുപ്പ് ചേര്‍ത്തു ആറ് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തത്.
സമാനമായ മറ്റൊരു സംഭവത്തില്‍ ആദൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റാഗിംഗിനെതിരായ വകുപ്പു കൂടി ചേര്‍ത്തു. ഷൂസ് ധരിച്ച് ക്ലാസില്‍ എത്തിയ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ബഞ്ച് ദേഹത്തിട്ട് കൈയ്യെല്ല് പൊട്ടിച്ചുവെന്നുമാണ് കേസ്. ഇരു കേസുകളിലും പ്രതികളായ ഒന്‍പതു പ്ലസ്ടു വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ അധികൃതര്‍ ക്ലാസില്‍ നിന്നു സസ്‌പെന്റ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page