കൂട്ടുകാരിയോട് സംസാരിച്ച വിരോധം: പൈവളിഗെയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ആക്രമിച്ചു; 5 സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്, മുന്നറിയിപ്പുമായി ജില്ലാ പൊലീസ് മേധാവി

കാസര്‍കോട്: കൂട്ടുകാരിയോട് സംസാരിച്ചുവെന്ന വിരോധത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തടഞ്ഞു നിര്‍ത്തി ആക്രമിച്ചതായി പരാതി. മംഗല്‍പ്പാടി, പഞ്ചത്തൊട്ടി സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ അഞ്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെ കായര്‍ക്കട്ടയിലാണ് സംഭവം. കൂട്ടുകാരിയോട് സംസാരിച്ചു നില്‍ക്കുന്നതു കണ്ട അഞ്ചോളം പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്യുകയും തടഞ്ഞു നിര്‍ത്തി തലയ്ക്കും മുഖത്തും അടിച്ചു പരിക്കേല്‍പ്പിക്കുകയുമായിരുന്നുവെന്നു മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.
സ്‌കൂളുകളില്‍ റാഗിംഗ് അടക്കമുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ബി.വി വിജയഭരത് റെഡ്ഡി മുന്നറിയിപ്പു നല്‍കി. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊലീസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലാണ്. റാഗിംഗില്‍ പങ്കെടുക്കുന്നവരും പ്രോത്സാഹിപ്പിക്കുന്നവരും കുറ്റക്കാരാണ്. റാഗിംഗ് പരാതികള്‍ പരിഹരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആന്റി റാഗിംഗ് ഹെല്‍പ് ലൈന്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാതെ മറച്ചു വയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകും. റാഗിംഗ് നടന്നതായി തെളിയിക്കപ്പെട്ടാല്‍ രണ്ടുവര്‍ഷം വരെ തടവും 10,000 രൂപ വരെ പിഴയും ശിക്ഷ ലഭിക്കും. ഏതെങ്കിലും സ്ഥാപനം റാഗിംഗ് നടന്നത് മറച്ചു വയ്ക്കാന്‍ ശ്രമിച്ചാല്‍ റാഗിംഗിനു കൂട്ടു നിന്നതായി കണക്കാക്കി നിയമ നടപടി സ്വീകരിക്കും. പരാതികള്‍ അതാത് പൊലീസ് സ്റ്റേഷനുകളിലോ ആന്റി റാഗിംഗ് ഹെല്‍പ് ലൈന്‍ ടോള്‍ ഫ്രീ നമ്പരായ 1800-180-5522 നമ്പറില്‍ അറിയിക്കാവുന്നതാണ്-ജില്ലാ പൊലീസ് മേധാവി പത്രകുറിപ്പില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page