ഉണ്ണിയാര്‍ച്ചമാര്‍ പെരുകട്ടെ

നാരായണന്‍ പേരിയ

ആറ്റുംമണമ്മേലെ ഉണ്ണിയാര്‍ച്ച-ഒരു സ്വപ്നം കണ്ടു. അല്ലിമലര്‍ക്കാവില്‍ കൂത്തുത്സവം. അയല്‍പ്പക്കത്തെ പെണ്ണുങ്ങള്‍ പോകുന്നു. ഉണ്ണിയാര്‍ച്ച ഞെട്ടിയുണര്‍ന്നു. തനിക്കും പോകണം, കൂത്തുകാണണം. അതിരാവിലെ എഴുന്നേറ്റു കുളിച്ചൊരുങ്ങി. അപ്പോഴാണ് ഭര്‍ത്താവായ കുഞ്ഞിരാമന്‍ എഴുന്നേറ്റത്. വിവരമറിഞ്ഞപ്പോള്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. പോകേണ്ടത് അങ്ങാടിയിലൂടെയാണ്. തെമ്മാടിപ്പിള്ളേര്‍ പുളയ്ക്കുന്ന പ്രദേശം. പെണ്ണുങ്ങളെ കണ്ടാല്‍…? പക്ഷെ, ഉണ്ണിയാര്‍ച്ച പിന്മാറിയില്ല. പുറപ്പെട്ടു; പിന്നാലെ മനമില്ലാമനസ്സോടെ കുഞ്ഞിരാമനും. അങ്ങാടിയിലെത്തിപ്പോള്‍ ശങ്കിച്ചത് സംഭവിച്ചു. തെമ്മാടിക്കൂട്ടം വളഞ്ഞു. ഉണ്ണിയാര്‍ച്ചയെ പിടിക്കാന്‍ മുതിര്‍ന്നു. മാറെടാ എന്ന് ഉണ്ണിയാര്‍ച്ച ആക്രോശിച്ചു. അവര്‍ പിന്മാറിയില്ല. ആര്‍ച്ച മേല്‍മുണ്ട് ചുഴറ്റി വീശി. തെമ്മാടികള്‍ പിന്തിരിഞ്ഞോടി. ഉണ്ണിയാര്‍ച്ച കാവിലെത്തി; കൂത്ത് കണ്ട് മടങ്ങി. വടക്കന്‍ പാട്ടിലെ കഥ. വയലില്‍ ഞാറ് പറിച്ചു നടുമ്പോള്‍ പെണ്ണുങ്ങള്‍ ഒരു കാലത്ത് പാടിയിരുന്ന പാട്ട്.
വഴിയില്‍ പതിയിരുന്ന് കയറിപ്പിടിച്ചു, പീഡിപ്പിച്ചു എന്ന് പൊലീസില്‍ പരാതിപ്പെടുകയല്ല, തന്റേടത്തോടെ സ്വയം ചെറുക്കാനുള്ള കരുത്താര്‍ജ്ജിക്കുകയാണ് വേണ്ടത്. അതിന് ആവശ്യമായ പരിശീലനം നല്‍കണം. നമ്മുടെ പെണ്‍കുട്ടികള്‍ക്ക്. സര്‍ക്കാര്‍ അതിനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
വിദ്യാലയങ്ങളില്‍-കലാലയങ്ങളിലടക്കം പ്രതിരോധത്തിന്റെ പെണ്‍പാഠങ്ങള്‍. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ ചെറുക്കാനായി കേരള പൊലീസ് വനിതാ സ്വയംപ്രതിരോധ പരിശീലന പദ്ധതി ആരംഭിച്ചിട്ടുണ്ട്. അതിക്രമം ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ സ്വയം സുരക്ഷ ഉറപ്പാക്കുക-അതാണ് പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം.
ഇതുവരെ പന്ത്രണ്ട് ലക്ഷത്തിലധികം വനിതകളെ പരിശീലിപ്പിച്ചിട്ടുണ്ടത്രെ. സര്‍ക്കാര്‍ അറിയിച്ചതാണ്. ഇത് പോരാ; എല്ലാവര്‍ക്കും പരിശീലനം നല്‍കണം. എല്ലാവരെയും സജ്ജരാക്കണം. അതിനായി പരിശീലകരുടെ എണ്ണം കൂട്ടണം. പുതുതായി നാന്നൂറ് പൊലീസ് ഉദ്യോഗസ്ഥന്മാരെക്കൂടി പരിശീലക സംഘത്തില്‍ ഉള്‍പ്പെടുത്തും. ഇരുപതു പൊലീസ് ജില്ലകളില്‍ 400 പേരെ. ഒരു പൊലീസ് ജില്ലയില്‍ ഇരുപത് പേരെ വീതം എന്ന കണക്കില്‍. നിലവില്‍ അഞ്ചു പേര്‍ വീതമാണ് ഓരോ പൊലീസ് ജില്ലയിലും ഉണ്ടായിരുന്നത്. ഇപ്പോള്‍ നാലിരട്ടിയാക്കി. രണ്ടു ഘട്ടമായിട്ടാണ് പരിശീലനം. ആദ്യത്തേത്, ശാരീരികമായി എതിരെ വരുന്ന അക്രമികളെ നേരിട്ട് കീഴടക്കുന്നതിനുള്ള പരിശീലനം-കായിക പരിശീലനം. രണ്ടാമത്തേത് സ്ത്രീ സുരക്ഷാ നിയമങ്ങളെകുറിച്ചുള്ള അവബോധം നല്‍കല്‍. സ്ത്രീകളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കുറേയുണ്ട്. ഓരോ കാലത്ത് നിയമനിര്‍മ്മാണ സഭ പാസാക്കിയത്. കടലാസില്‍ എഴുതി ഫയലില്‍ കെട്ടി വച്ചാല്‍ പോരാ. ആരെ ഉദ്ദേശിച്ചാണോ നിയമങ്ങളും ചട്ടങ്ങളും തയ്യാറാക്കിയിട്ടുള്ളത്, അത് അവരെ പഠിപ്പിക്കണം; ബോധ്യപ്പെടുത്തണം. പൊലീസുകാരുടെ വിശേഷ സേവനങ്ങള്‍ പരിചയപ്പെടുത്തണം. ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ ആരെ, എങ്ങനെ ബന്ധപ്പെടണം? അതിന്റെ നടപടിക്രമങ്ങള്‍ അറിയണം. യഥാസമയം പരാതി ബോധിപ്പിക്കണം. അതിന്റെ രീതി അറിയണം. അതും പഠിപ്പിക്കണം. പൊലീസുദ്യോഗസ്ഥന്മാര്‍ മാത്രമല്ല, കുടുംബശ്രീ, റസിഡന്റ്‌സ് അസോസിയഷന്‍, കലാ-സാംസ്‌കാരിക സംഘടനകള്‍ എന്നിവയുടെ ആഭിമുഖ്യത്തിലും ഇത് സംബന്ധിച്ചുള്ള ക്ലാസുകള്‍ സംഘടിപ്പിക്കാവുന്നതാണ്. അതിനുള്ള സംവിധാനങ്ങളും ഉണ്ട്. പദ്ധതിയെ കുറിച്ച് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത് ഇത്രയും കാര്യങ്ങളാണ് (15.6.2025)
പക്ഷെ റിപ്പോര്‍ട്ട് വായിച്ചപ്പോള്‍ ഒരു സംശയം: പന്ത്രണ്ടു ലക്ഷത്തിലധികം വനിതകള്‍ ഇതിനകം പരിശീലനം നേടിക്കഴിഞ്ഞു എന്നാണ് പറയുന്നത്. നേരത്തെ തുടങ്ങിയ പദ്ധതിയാണ് ഇത് എന്നര്‍ത്ഥം. എന്നിട്ടും അതിക്രമങ്ങളും പീഡനങ്ങളും ദൈനംദിന വാര്‍ത്തയില്‍. പെണ്‍കുട്ടികളും വീട്ടമ്മമാരും, വയോധികമാര്‍ പോലും അതിക്രമങ്ങള്‍ക്കും ലൈംഗിക പീഡനങ്ങള്‍ക്കും ഇരയായി എന്ന് പതിവ് വാര്‍ത്തകള്‍. പരിശീലനം നേടിയ പന്ത്രണ്ടു ലക്ഷത്തിലധികം വനിതകള്‍-അവരും പീഡനങ്ങള്‍ക്ക് ഇരയായവരുടെ കൂട്ടത്തിലുണ്ടോ?
അങ്ങനെയാണെങ്കില്‍, പരിശീലനങ്ങളും ബോധവല്‍ക്കരണങ്ങളുമെല്ലാം പാഴ് വേലയായല്ലോ. സ്ത്രീ പീഡനക്കേസുകള്‍ കൂടുകയാണല്ലോ.
മധ്യപ്രദേശില്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ട്-ഏഴു കൊല്ലം മുമ്പത്തെ ഇന്ത്യന്‍ എക്‌സ്പ്രസില്‍ വായിച്ചത് (11.03.2018) 2017 നവംബര്‍ മുതല്‍ 120 ദിവസങ്ങളില്‍, 62 സ്ത്രീകള്‍ കൂട്ട ബലാത്സംഗത്തിനിരയായി. 14 സ്ത്രീകള്‍ കൊല ചെയ്യപ്പെട്ടു. 2017 നവംബറില്‍ പാസാക്കിയ നിയമപ്രകാരം മൈനര്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചാല്‍ വധ ശിക്ഷ. എന്നിട്ടും, കടുത്ത ശിക്ഷ നല്‍കുന്ന നിയമം നിലവിലുണ്ടായിട്ടും കുറ്റകൃത്യങ്ങള്‍ക്കു കുറവില്ല. 2016ല്‍ രാജ്യത്താകെ ബലാത്സംഗ കേസുകള്‍: 38,947. നാഷണല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക്. കടുത്ത നിയമം നിലവിലുള്ള മധ്യപ്രദേശില്‍ 2017ല്‍ 5300 കേസ്. മുന്‍ വര്‍ഷത്തേതിന്റെ എട്ടര ശതമാനം അധികം.
വനിതാവകാശ പ്രവര്‍ത്തക ഉപാസനാബെഹര്‍ പറഞ്ഞത്: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ശരിയായ സുരക്ഷ നല്‍കേണ്ട പൊലീസില്‍ നല്ലൊരു ഭാഗം മന്ത്രിമാര്‍ക്കും മറ്റ് വി.ഐ.പികള്‍ക്കും തുണ പോവുകയല്ലേ? പൊലീസ് മാത്രം ശ്രദ്ധിച്ചാല്‍ പോരാ, പുരുഷന്മാരുടെ മനോനിലയും മാറണം (മാറ്റണം)
ഒരു നിയമപ്രശ്‌നം: ചൊറിയാന്‍ വരുന്നവരുടെ കരണക്കുറ്റിക്ക് പെടക്കണം എന്ന് പറഞ്ഞു. അത് എങ്ങനെ ചെയ്യണം എന്നും പഠിപ്പിച്ചു. പക്ഷെ, നിയമം അനുവദിക്കുമോ? നിയമം കൈയിലെടുക്കാന്‍ പാടുണ്ടോ? നടപടിക്രമം പൂര്‍ത്തിയാകാന്‍ എത്ര കൊല്ലമെടുക്കും? ഏതായാലും ‘ഉണ്ണിയാര്‍ച്ചമാര്‍ പെരുകട്ടെ.’

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ റോഡരുകില്‍ അവശനിലയില്‍ കാണപ്പെട്ട കൊലക്കേസ് പ്രതി മരിച്ചു; സമൂസ റഷീദ് കൊലക്കേസ് പ്രതിയായ ഹബീബ് എന്ന അഭിലാഷിന്റെ മരണകാരണമായത് എലിവിഷം അകത്തു ചെന്നതാണെന്നു പൊലീസ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page