അഹമ്മദാബാദ് വിമാനാപകടം: മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. നാളെ നാട്ടിലെത്തിക്കും

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടിൽ എത്തിക്കും. അപകടത്തിനു പിന്നാലെ രഞ്ജിതയുടെ സഹോദരൻ രതീഷ് അഹമ്മദാബാദിലെത്തി ഡിഎൻഎ സാമ്പിൾ പരിശോധനയ്ക്ക് നൽകിയിരുന്നു. എന്നാൽ മൃതദേഹം സ്ഥിരീകരിക്കാനായില്ല. തുടർന്ന് അമ്മ തുളസിയുടെ രക്ത സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ഇതോടെയാണ് മൃതദേഹം തിരിച്ചറിയാനായത്.
ജൂൺ 22നാണ് രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടമുണ്ടായത്. സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്കു പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ വിമാനം ടേക്ക് ഓഫിനു തൊട്ടുപിന്നാലെ തകർന്നു വീഴുകയായിരുന്നു.
പത്തനംതിട്ട പുല്ലാട് സ്വദേശിയായ രഞ്ജിത നീണ്ട കാലത്തെ പ്രവാസം അവസാനിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി ലണ്ടനിലേക്കു മടങ്ങുന്നതിനിടെയാണ് അപകടത്തിൽപെട്ടത്. കുവൈത്തിൽ ജോലി ചെയ്തിരുന്ന രഞ്ജിത കഴിഞ്ഞ വർഷമാണ് ലണ്ടനിലേക്കു പോയത്. പിഎസ്സി മുഖേന കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ലഭിച്ച ജോലിയിലെ അവധി പുതുക്കാനാണ് നാട്ടിലെത്തിയത്. ലണ്ടനിൽ തിരികെ എത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്കു മടങ്ങാനും സർക്കാർ ജോലിയിൽ പ്രവേശിക്കാനും ഉദ്ദേശിച്ചിരുന്നു. കുടുംബ വീടിനു സമീപം രഞ്ജിത നിർമിച്ചിരുന്ന വീടിന്റെ പണിയും അവസാന ഘട്ടത്തിലായിരുന്നു. ജൂലൈയിൽ ഗൃഹപ്രവേശനം നടത്താനും ഉദ്ദേശിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി മരണം എത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page