വയല്‍ മണ്ണിട്ട് നികത്തുന്ന വീഡിയോ അധികൃതര്‍ക്ക് അയച്ച വിരോധം; കാഞ്ഞങ്ങാട്ട് യുവാവിനെ തടഞ്ഞു നിര്‍ത്തി വാരിയെല്ല് അടിച്ചു തകര്‍ത്തു, 4 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: വയല്‍ മണ്ണിട്ട് നികത്തുന്നതിന്റെ വീഡിയോ ചിത്രീകരിച്ച് അധികാരികള്‍ക്ക് അയച്ച വിരോധത്തിലാണെന്നു പറയുന്നു, യുവാവിനെ തടഞ്ഞു നിര്‍ത്തി ക്രൂരമായി അക്രമിച്ചു. കാഞ്ഞങ്ങാട്, നീലാങ്കര, കളത്തില്‍ ഹൗസിലെ കെ. വിജിത്ത്(48) ആണ് അക്രമത്തിനു ഇരയായത്. സംഭവത്തില്‍ നിലാങ്കര സ്വദേശികളായ രാജേഷ്, അഭിലാഷ്, അനൂപ്, അജിത്ത് എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.
കേസിലെ ഒന്നാം പ്രതിയായ രാജേഷ് വയല്‍ മണ്ണിട്ട് നികത്തുന്നതിന്റെ വീഡിയോ പരാതിക്കാരനായ വിജിത്ത് ചിത്രീകരിച്ച് റവന്യു അധികൃതര്‍ക്ക് അയച്ചിരുന്നു. ഇതിലുള്ള വിരോധത്തില്‍ ജൂണ്‍ 16ന് എട്ടുമണിക്ക്, കാഞ്ഞങ്ങാട്, നിലാങ്കര, കുതിരക്കാളി അമ്പലത്തിന്റെ ഭണ്ഡാരത്തിനു സമീപത്തു വച്ച് ആക്രമിച്ചുവെന്നാണ് വിജിത്തിന്റെ പരാതി. വടി കൊണ്ടുള്ള അക്രമത്തില്‍ പരാതിക്കാരന്റെ തല, നെറ്റി, മുതുക്, വാരിയെല്ല്, വലതുകാല്‍ എന്നിവയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി ഹൊസ്ദുര്‍ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.
അതേ സമയം നിലാങ്കര, കിഴക്കേ വീട്ടിലെ കെ. അഭിഷേക് (36) നല്‍കിയ പരാതിയില്‍ വിജിത്തിനെതിരെയും ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. ജൂണ്‍ 16ന് രാത്രി 8.15മണിയോടെ കുതിരക്കാളി ക്ഷേത്രത്തിനു സമീപത്തു വച്ച് തന്നെ തടഞ്ഞു നിര്‍ത്തി ഇരുമ്പു വടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് അഭിഷേകിന്റെ പരാതി. വിജിത്തിന്റെ വീഡിയോ നിലാങ്കര വാട്‌സ് ആപ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ച വിരോധമാണ് അക്രമത്തിനു കാരണമെന്ന് ഹൊസ്ദുര്‍ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page