കാസര്‍കോട്: അണങ്കൂര്‍ ബദിര താനിയത്തു വികസനം കൊണ്ടു നാട്ടുകാര്‍ക്ക് ഇരിക്കാന്‍ വയ്യാതായി. വൈദ്യുതി ലൈന്‍ ഇവിടെ കൈയെത്തും ദൂരത്തായെന്നു നാട്ടുകാര്‍ പറയുന്നു. തിരക്കേറിയ റോഡില്‍ ആരെങ്കിലും അറിയാതൊന്നു കൈ ഉയര്‍ത്തിയാല്‍ വൈദ്യുതാഘാതം ഏറ്റതു തന്നെ എന്നതാണ് ഇവിടത്തെ ഇപ്പോഴത്തെ അവസ്ഥ. പാവപ്പെട്ട ജനങ്ങളോട് ഇത്തരം കൊലച്ചതി വേണ്ടെന്നു നാട്ടുകാര്‍ വൈദ്യുതി വിഭാഗത്തെ മുന്നറിയിച്ചതോടെ അധികൃതര്‍ കയറുമായെത്തി ധിക്കാരിയായ വൈദ്യുതി ലൈനിനെ കയറുകെട്ടി വലിച്ചു പൊക്കി. വൈദ്യുതി ലൈനിന്റെ കളിയൊന്നും വൈദ്യുതി ജീവനക്കാരോട് വേണ്ടെന്നു വൈദ്യുതി ലൈനിനെ താക്കീതു ചെയ്തിട്ടുണ്ടെന്നും പറയുന്നു. പക്ഷെ, ശുദ്ധാത്മാക്കളായ നാട്ടുകാര്‍ പേടിച്ച് കഴിയുകയാണ്. ശക്തമായ കാറ്റിലും മഴയിലും ഈ ഭാഗത്തു മരങ്ങള്‍ കടപുഴകി വീഴുന്നതും വൈദ്യുതി പോസ്റ്റുകളും ലൈനും തകരുന്നതും ഇവിടെ പതിവാണ്. അത്തരത്തില്‍ ഒരു കവുങ്ങ് വീണു അടുത്തിടെ നാല് പോസ്റ്റുകള്‍ തകര്‍ന്നിരുന്നു.നാല് പോസ്റ്റുകള്‍ തകര്‍ന്നപ്പോള്‍ പകരം മൂന്നു പോസ്റ്റ് സ്ഥാപിച്ചു. അതില്‍ ലൈന്‍ വലിക്കുകയായിരുന്നെന്നു നാട്ടുകാര്‍ പറയുന്നു. അങ്ങനെ ചെയ്യല്ലേ ചെയ്യല്ലേ എന്ന് നാട്ടുകാര്‍ മുറവിളി കൂട്ടിയെങ്കിലും മാറ്റിയിട്ട പോസ്റ്റുകള്‍ക്ക് കാട്ടാനയുടെ കരുത്താണെന്നായിരുന്നു മറുപടിയെന്നു പറയുന്നു. പോസ്റ്റുകള്‍ തമ്മിലുള്ള അകലം കൂടിയപ്പോള്‍ ലൈന്‍ അയഞ്ഞു റോഡില്‍ മുട്ടുന്ന നിലയോളം താണു. ഇത് അധികൃതരെ വീണ്ടും അറിയിച്ചപ്പോഴാണ് കയര്‍ പ്രയോഗവുമായി വൈദ്യുതി വകുപ്പു പുറപ്പെട്ടിരിക്കുന്നതെന്നു നാട്ടുകാര്‍ പറയുന്നു.
