കാസര്‍കോട്: കുമ്പള, കോയിപ്പാടിയില്‍ പൊട്ടിക്കാത്ത ബാരലുകള്‍ വീണ്ടും കരക്കടിഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരമണിയോടെ പ്രദേശവാസികളാണ് ബാരലുകള്‍ കണ്ടത്. ഞായറാഴ്ചയും സമാനരീതിയില്‍ ഒരു ബാരല്‍ കരക്കടിഞ്ഞിരുന്നു. ബാരലുകള്‍ക്കകത്ത് പുറത്ത് നൈട്രിക് ആസിഡ് എന്നു സൂചിപ്പിക്കുന്ന എച്ച്എന്ഒ-3 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
കണ്ണൂര്‍ തീരത്തോട് ചേര്‍ന്ന് തീപിടിച്ച വാന്‍ഹായ് 503, കൊച്ചി തീരത്ത് അപകടത്തില്‍പ്പെട്ട എംഎസ്എല്സ 3 കപ്പലുകളിലെ കണ്ടെയ്നറുകളില്‍ നിന്നു വേര്‍പ്പെട്ടതാണോ ബാരലുകള്‍ എന്നു സംശയിക്കുന്നു.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍, റവന്യു ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ബാരലുകള്‍ സുരക്ഷിത സ്ഥാനത്തേക്ക് നീക്കി. അനന്തപുരം വ്യവസായ എസ്റ്റേറ്റിലെ സുരക്ഷിത കേന്ദ്രത്തില്‍ സൂക്ഷിച്ചിട്ടുള്ള ബാരലുകള്‍ ഗുജറാത്തിലെ പോര്‍ബന്തറില്‍ നിന്നും എത്തുന്ന മറൈന്‍ എമര്‍ജെന്‍സ് റെസ്പോണ്‍സ് ടീം പരിശോധിക്കും.
