കൊച്ചി: പിറവം ഓണക്കൂറിൽ നിന്ന് കാണാതായ പ്ലസ്ടു വിദ്യാർഥിയെ കോയമ്പത്തൂരിൽ നിന്നു കണ്ടെത്തി. പ്ലസ് വൺ പരീക്ഷാഫലം മോശമാകുമെന്ന് ഭയപ്പെട്ടാണ് നാടു വീട്ടതെന്ന് കുട്ടി പൊലീസിനു മൊഴി നൽകി. കൊച്ചിയിലെത്തിച്ച കുട്ടിയെ കാക്കനാട് ജുവനൈൽ കോടതി രക്ഷിതാക്കൾക്കൊപ്പം വിട്ടു.
ജൂൺ രണ്ടിന് രാവിലെ എട്ടരയോടു വീടു വിട്ടിറങ്ങിയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. അന്നേ ദിവസമായിരുന്നു പ്ലസ് വൺ ഫലപ്രഖ്യാപനം. പരീക്ഷയിൽ മാർക്ക് കുറയുമെന്ന് കുട്ടി ഭയപ്പെട്ടിരുന്നു. എസ്എസ്എൽസിക്കു 10 എപ്ലസ് കുട്ടിക്കു ലഭിച്ചിരുന്നു. വീട്ടിൽ നിന്നിറങ്ങിയ കുട്ടി യൂണിഫോം മാറ്റി, കറുത്ത പാന്റും കറുത്ത ടീഷർട്ടും ധരിച്ചു. ഓണക്കൂറിൽ നിന്നു കോയമ്പത്തൂരിലേക്കു പോയി. കുട്ടി സ്ഥിരമായി ഒരേ വേഷത്തിൽ ഭക്ഷണം കഴിക്കാൻ എത്തിയതോടെ കോയമ്പത്തൂരിലെ കട ഉടമയ്ക്കു സംശയം തോന്നി. തുടർന്ന് കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ് വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
