കേന്ദ്ര നവരത്‌ന കമ്പനിയായ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ലിമിറ്റഡ് ആന്ധ്രയിലേക്കു മാറ്റുമെന്നു അഭ്യൂഹം; വിവാദം

ബംഗ്‌ളൂരു: ബംഗ്‌ളൂരു കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രമുഖ നവരത്‌ന കമ്പനിയായ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ലിമിറ്റഡിനെ ചൊല്ലി കര്‍ണ്ണാടകയും ആന്ധ്രയും തമ്മില്‍ തര്‍ക്കം മുറുകുന്നു.
എച്ച്.എ.എല്‍ പ്രവര്‍ത്തനം ആന്ധ്രയിലേക്ക് വ്യാപിപ്പിക്കണമെന്ന മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ അഭിപ്രായ പ്രകടനത്തെത്തുടര്‍ന്നാണ് വിവാദം ഉടലെടുത്തത്. അടുത്തിടെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായി ചന്ദ്രബാബു നായിഡു നടത്തിയ ചര്‍ച്ചയില്‍ ആന്ധ്രാപ്രദേശില്‍ പുതിയ ഗ്രീന്‍ഫീല്‍ഡ് എച്ച്.എ.എല്‍ സൗകര്യം വ്യാപിപ്പിക്കണമെന്നു ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടിരുന്നു. അതിനുവേണ്ടി കര്‍ണ്ണാടക അതിര്‍ത്തിയില്‍ നിന്ന് 70 കിലോ മീറ്റര്‍ ദൂരമുള്ള ലെപാക്ഷിയില്‍ 10,000 ഏക്കര്‍ ഭൂമി എച്ച്.എ.എല്ലിന്റെ വിപുലീകരണ പദ്ധതിക്കു കൈമാറാമെന്നു ചന്ദ്രബാബു നായിഡു ഉറപ്പു നല്‍കിയിരുന്നു.

കര്‍ണ്ണാടകയിലെ ബംഗ്‌ളൂരുവിലും തുംകൂറിലുമാണ് പ്രതിരോധോല്‍പ്പാദന കമ്പനിയായ എച്ച്എഎല്ലിന്റെ പ്രധാന ഉല്‍പാദന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. നവീനവും സങ്കീര്‍ണ്ണങ്ങളുമായ യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ ആലോചിക്കുന്നുണ്ടെന്നു സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് അതിനാവശ്യമായത്ര സ്ഥലം ആന്ധ്രയില്‍ വാഗ്ദാനം ചെയ്തതെന്നു പറയുന്നു. ഇത്ര സൗകര്യം ഏര്‍പ്പെടുത്താന്‍ കര്‍ണ്ണാടകക്കു പ്രയാസകരമായിരിക്കുമെന്നും സൂചനയുണ്ട്.
എന്നാല്‍ എച്ച്എഎല്ലിന്റെ കര്‍ണ്ണാടകയില്‍ പ്രവര്‍ത്തിക്കുന്ന ഉല്‍പാദന യൂണിറ്റുകളൊന്നും മാറ്റാനനുവദിക്കില്ലെന്ന നിലപാടുമായി കര്‍ണ്ണാടക വന്‍കിട വ്യവസായ മന്ത്രി എം.ബി പാട്ടീല്‍ രംഗത്തുവന്നിട്ടുണ്ട്. കര്‍ണ്ണാടകയിലുള്ള എച്ച്എഎല്‍ യൂണിറ്റുകള്‍ മാറ്റാനാവില്ലെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യയും പ്രസ്താവിച്ചു. എച്ച്.എഎല്ലിനെയും അതിന്റെ ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും കര്‍ണ്ണാടകയില്‍ കര്‍ണ്ണാടക സര്‍ക്കാര്‍ സംരക്ഷിക്കുമെന്നു കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും പ്രസ്താവിച്ചു. കര്‍ണ്ണാടകയില്‍ നിലവിലുള്ള എച്ച്എഎല്‍ യൂണിറ്റുകളല്ലാതെ മറ്റെന്തെങ്കിലും യൂണിറ്റ് ആന്ധ്രയില്‍ സ്ഥാപിക്കുന്നതിന് തങ്ങള്‍ എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. എയര്‍ഫോഴ്‌സിനു വേണ്ടി തേജസ് യുദ്ധ വിമാനങ്ങളുടെ പുതിയ വകഭേദങ്ങള്‍ക്കു വേണ്ടി 6500 കോടി രൂപയുടെ ഓഡര്‍ കേന്ദ്രം എച്ച്എഎല്ലിനു കൈമാറിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page