തിരുവനന്തപുരം: നിര്‍ണ്ണായകമായ നിലമ്പൂര്‍ നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ജൂണ്‍ 19ന് ആണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ജൂണ്‍ 23ന് നടക്കും. നിലമ്പൂരിനൊപ്പം ഗുജറാത്തില്‍ രണ്ടും പഞ്ചാബ്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ ഓരോ മണ്ഡലങ്ങളിലും ജൂണ്‍ 19ന് ഉപതിരഞ്ഞെടുപ്പു നടക്കും.
മുഖ്യമന്ത്രി പിണറായി വിജയനുമായി കൊമ്പു കോര്‍ത്തതിനെ തുടര്‍ന്നു പി.വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ചതിനാലാണ് നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളില്‍ സിപിഎം സ്വതന്ത്രനായി മത്സരിച്ച പി.വി അന്‍വറാണ് ഈ മണ്ഡലത്തില്‍ വിജയിച്ചത്. മുഖ്യമന്ത്രിയുള്ള എതിര്‍പ്പിനെ തുടര്‍ന്ന് 2025 ജനുവരി 13ന് ആണ് അന്‍വര്‍ എംഎല്‍എ സ്ഥാനം രാജി വച്ചത്. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ് നിലമ്പൂര്‍ നിയമസഭാ മണ്ഡലം. 2021ലെ തെരഞ്ഞെടുപ്പില്‍ 81,227(46.9%) വോട്ടു നേടിയാണ് പി.വി അന്‍വര്‍ വിജയിച്ചത്. തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ വി.വി പ്രകാശ് 78,527 (45.34%) വോട്ടും ബിജെപിയിലെ ടി.കെ അശോക് കുമാര്‍ 8,595 വോട്ടും എസ്ഡിപിഐയിലെ കെ. ബാബു മാണി 3,281 വോട്ടും നേടിയിരുന്നു. കോണ്‍ഗ്രസിന്റെ കരുത്തുറ്റ നേതാവായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ തട്ടകമായിരുന്നു നിലമ്പൂര്‍ നിയമസഭാ മണ്ഡലം.
2016ലെ തെരഞ്ഞെടുപ്പില്‍ പി.വി അന്‍വറിനെ സ്ഥാനാര്‍ത്ഥിയാക്കിയാണ് നിലമ്പൂര്‍ എല്‍ഡിഎഫ് കയ്യടക്കിയത്. ആര്യാടന്‍ മുഹമ്മദിന്റെ മകനും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ആര്യാടന്‍ ഷൗക്കത്തിനെയാണ് 47.91% (77,858) വോട്ടു നേടി അന്‍വര്‍ മലര്‍ത്തിയടിച്ചത്.
2021ലെ തെരഞ്ഞെടുപ്പിലും പി.വി അന്‍വര്‍ ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ചത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനുമായുണ്ടായ അഭിപ്രായ ഭിന്നതയുടെ പേരില്‍ മുന്നണിയില്‍ നിന്നു പുറത്തു പോവുകയും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്ത അന്‍വറിന്റെ നിലപാടായിരിക്കും ഉപതെരഞ്ഞെടുപ്പു ഫലം നിര്‍ണ്ണയിക്കുകയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.