ന്യൂഡൽഹി: ആഗോളതലത്തിൽ കോവിഡ് വ്യാപനത്തിനു കാരണമായ 2 വകഭേദങ്ങൾ ഇന്ത്യയിലും കണ്ടെത്തി. എൻബി.1.8.1, എൽഎഫ്.7 എന്നീ വകഭേദങ്ങളാണ് സ്ഥിരീകരിച്ചതെന്ന് ഇന്ത്യൻ സാർസ് കോവിഡ് 2 ജീനോമിക്സ് കൺസോർഷ്യത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ചൈനയിലും ദക്ഷിണ ഏഷ്യയിലും പുതുതായി കോവിഡ് വ്യാപനത്തിനു കാരണമായ വൈറസുകളാണിവ.എന്നാൽ ഇവ അപകടകാരികളല്ലെന്നാണ് ലോകാരോഗ്യസംഘടനയുടെ വിലയിരുത്തൽ. നിലവിലെ കോവിഡ് വാക്സീനുകൾ കൊണ്ട് ഇവയെ പ്രതിരോധിക്കാനാകുമെന്നും ഡബ്ല്യുഎച്ച്ഒ അറിയിക്കുന്നു. കഴിഞ്ഞ ഏപ്രിലിൽ തമിഴ്നാട്ടിൽ ഒരാൾക്കാണ് എൻബി.1.8.1 സ്ഥിരീകരിച്ചത്. ഈ മാസം ഗുജറാത്തിൽ എൽഎഫ്.7 വകഭേദവുമായി 4 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിനിടെ കേരളത്തിൽ മേയ് മാസം ഇതുവരെ 273 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോട്ടയം ജില്ലയിലാണ് കോവിഡ് ബാധിതർ കൂടുതൽ. 82 കേസുകൾ. തിരുവനന്തപുരം(73), എറണാകുളം(49), പത്തനംതിട്ട(30), തൃശൂർ(26) ജില്ലകളിലും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
