സംസ്ഥാനത്ത് കാലവര്‍ഷം എത്തി; ഇത്രയും നേരത്തെ എത്തുന്നത് 16 വര്‍ഷത്തിനു ശേഷം ആദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം എത്തിയതായി ഔദ്യോഗിക സ്ഥിരീകരണം. 16 വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് കാലവര്‍ഷം ഇത്രയും നേരത്തെ എത്തുന്നത്. 2009 മെയ് 23ന് ആണ് മുമ്പ് സംസ്ഥാനത്ത് കാലവര്‍ഷം എത്തിയിരുന്നത്. പതിവില്‍ നിന്നു വ്യത്യസ്തമായി ഇത്തവണ മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്.
സംസ്ഥാനത്ത് കനത്ത തോതില്‍ പെയ്തു കൊണ്ടിരിക്കുന്ന ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം ഉണ്ടായി. തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂര്‍, തലശ്ശേരി എന്നിവിടങ്ങളില്‍ കനത്ത മഴയും വന്‍ നാശനഷ്ടങ്ങളും ഉണ്ടായിട്ടുള്ളത്.
കോട്ടയം വെള്ളാനിയില്‍ മരം കടപുഴകി വീണ് ഗവ. എല്‍.പി സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു. കൊല്ലം, പുനലൂരില്‍ മരം കടപുഴകി വീണ് വീട് തകര്‍ന്നു. തിരുവനന്തപുരം നെയ്യാറ്റിന്‍ കരയില്‍ വീടിനു മുകളിലേക്ക് മരം വീണു. കോഴിക്കോട്ടും വ്യാപക നാശനഷ്ടം ഉണ്ടായി. തലശ്ശേരിയില്‍ ജനറല്‍ ആശുപത്രിക്കു മുന്നിലെ മരം കടപുഴകി വീണിട്ടുണ്ട്. മഴയ്‌ക്കൊപ്പം മിക്ക സ്ഥലങ്ങളിലും ശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കര്‍ണ്ണാടകയിലും കനത്ത മഴ; ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ബംഗ്‌ളൂരു: കേരളത്തിനൊപ്പം കര്‍ണ്ണാടകയിലും കനത്ത മഴ തുടരുകയാണ്. ഉത്തര കന്നഡ, ഉഡുപ്പി, ദക്ഷിണകന്നഡ, കുടക്, ഷിമോഗ, ചിക്കമംഗ്‌ളൂരു എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ബലഗാവി, ദാര്‍വാഡ്, ആവേരി, ഹാസന്‍, മാണ്ഡ്യ, മൈസൂരു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മംഗ്‌ളൂരുവില്‍ വെള്ളിയാഴ്ച രാത്രി മുതല്‍ കനത്ത മഴ തുടരുകയാണ്. ദക്ഷിണകന്നഡയില്‍ അനുഭവപ്പെടുന്ന ശക്തമായ മഴ കാസര്‍കോട് ജില്ലയില്‍ വെള്ളപ്പൊക്കത്തിനു ഇടയാക്കുമെന്നു ആശങ്കയുണ്ട്. ദക്ഷിണകന്നഡയില്‍ ശക്തമായ മഴ തുടരുമ്പോഴൊക്കെ കാസര്‍കോട് ജില്ലയില്‍ മുന്‍കാലങ്ങളില്‍ വെള്ളപ്പൊക്കം അനുഭവപ്പെട്ടിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page