കൊച്ചി: എറണാകുളത്ത് മൂന്നര വയസ്സുകാരിയുടെ കൊലപാതകവും ലൈംഗിക പീഡനവും സംബന്ധിച്ച കേസിൽ അമ്മയെ ഇന്ന് ചോദ്യം ചെയ്യും. കുട്ടിയെ അമ്മ കൊലപ്പെടുത്തിയതിന്റെ കാരണം, പെട്ടെന്നുള്ള പ്രേരണയെന്ത്, കുട്ടി ബലാത്സംഗത്തിനിരയായത് അമ്മ അറിഞ്ഞിരുന്നോ എന്നീ കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് പൊലീസ് ശ്രമം. അമ്മയെ 5 ദിവസത്തെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റിലായ പിതൃസഹോദരനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് കോടതിയെ സമീപിക്കും.
കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി ഇയാൾ പൊലീസിനോടു സമ്മതിച്ചിരുന്നു.
മരിച്ച ദിവസം രാവിലെയും കുട്ടി പീഡിപ്പിക്കപ്പെട്ടതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രകൃതിവിരുദ്ധ പീഡനവും നേരിട്ടു. ഇയാളുടെയും കുട്ടിയുടെയും വീട്ടിൽ നിന്നും ഫൊറൻസിക് വിഭാഗം ശേഖരിച്ച ശാസ്ത്രീയ തെളിവുകൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാത്രിയാണ് മൂഴിക്കുളം പാലത്തിനു മുകളിൽ നിന്ന് അമ്മ കുട്ടിയെ ചാലക്കുടി പുഴയിൽ എറിഞ്ഞു കൊന്നത്. അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പോസ്റ്റ്മോർട്ടത്തിൽ കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നതായി കണ്ടെത്തുകയായിരുന്നു.
