കൊല്ലം: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിൽ കൊല്ലം കുന്നത്തൂർ പഞ്ചായത്തിലെ പാകിസ്താൻ മുക്ക് എന്ന സ്ഥലപേര് മാറ്റുന്നു. പ്രദേശത്തിന് ഐവർകാല എന്നു പേരുനൽകാൻ പഞ്ചായത്ത് ഭരണസമിതി ഏകകണ്ഠമായി തീരുമാനിച്ചു. ചരിത്രപരമായി ഈ പ്രദേശവുമായി ബന്ധമുള്ള പേരാണ് ഐവർകാല. പാകിസ്താൻ മുക്ക് എന്ന പേരു സ്ഥലത്തിനു നൽകിയതു സംബന്ധിച്ചു യാതൊരു ചരിത്രവസ്തുതകളും നിലവിലില്ലെന്ന് യോഗം വിലയിരുത്തുകയായിരുന്നു. പഞ്ചായത്തിലെ നിലക്കൽ വാർഡിലാണ് പാകിസ്താൻ മുക്ക് സ്ഥിതി ചെയ്യുന്നത്.
സിപിഎമ്മാണ് പഞ്ചായത്ത് ഭരിക്കുന്നത്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഉണ്ടായ വികാരം ഉൾപ്പെടെ കണക്കിലെടുത്താണ് നടപടിയെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനേഷ് കടമ്പനാട് പറഞ്ഞു.
പാകിസ്താൻ മുക്ക് എന്ന പേരു മാറ്റണമെന്ന ആവശ്യവുമായി ബിജെപി വാർഡ് മെമ്പർ കെ.ജി. അനീഷ്യ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകുകയായിരുന്നു. തുടർന്ന് ചേർന്ന ഭരണസമിതി യോഗത്തിൽ 17 അംഗങ്ങളും ഏകകണ്ഠമായി ആവശ്യം അംഗീകരിക്കുകയായിരുന്നു. തീരുമാനം വകുപ്പു മേലധികാരികൾക്കും സർക്കാരിനും സമർപ്പിക്കുമെന്നും പേരുമാറ്റം ഉടൻ നടപ്പിൽവരുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
നേരത്തേ പാകിസ്താൻ മുക്കെന്ന പേര് മാറ്റാൻ കോൺഗ്രസും ശ്രമിച്ചിരുന്നു. എന്നാൽ പ്രിയദർശിനി ജംക്ഷൻ എന്നു പേരുമാറ്റാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു.
