പാലക്കാട്: വേടന്‍ പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചു എന്ന് ചൂണ്ടിക്കാട്ടി ബിജെപി എന്‍ഐഎയ്ക്ക് പരാതി നല്‍കി. പാലക്കാട് നഗരസഭയിലെ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാര്‍ ആണ് വേടനെതിരെ പരാതി നല്‍കിയത്. മോദിയെ കപട ദേശീയ വാദിയെന്ന് വേടന്‍ അവഹേളിച്ചുവെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നുമാണ് പരാതിയില്‍ ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്.
രാജ്യം ഭരിക്കുന്നയാള്‍ കപടദേശീയവാദിയാണെന്ന് 5 വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ‘വോയ്‌സ് ഓഫ് വോയ്‌സ്‌ലെസ്’ എന്ന വേടന്റെ ആദ്യ പാട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. കേന്ദ്ര ആഭ്യന്തര വകുപ്പിനും എന്‍ഐഎയ്ക്കുമാണ് മിനി കൃഷ്ണകുമാര്‍ പരാതി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം വേടനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ഹിന്ദു ഐക്യ വേദി നേതാവ് കെപി ശശികല രംഗത്ത് വന്നിരുന്നു. വേടനെതിരെ പൊതുജനമധ്യത്തില്‍ അധിക്ഷേപ പരാമര്‍ശവും, അസഭ്യവും ശശികല പറഞ്ഞു. റാപ്പ് സംഗീതത്തിന് എസ്.സി-എസ്.ടി വിഭാഗവുമായി പുലബന്ധമില്ലെന്നും വേടന്മാരുടെ തുണിയില്ല ചാട്ടങ്ങള്‍ക്ക് മുമ്പില്‍ സമാജം അപമാനിക്കപ്പെടുന്നുവെന്നും കെപി ശശികല പറഞ്ഞിരുന്നു. വേടന് മുമ്പില്‍ ആടികളിക്കട കുഞ്ഞുരാമ എന്ന് പറഞ്ഞു നടക്കുന്ന സംവിധാനങ്ങള്‍ അവസാനിപ്പിക്കാന്‍ സമയമായി എന്നും ഭരണകൂടത്തിന് മുമ്പില്‍ അപേക്ഷികയല്ല ആജ്ഞാപിക്കുകയാണ് എന്നും കെപി ശശികല പറഞ്ഞിരുന്നു.
