തൃശ്ശൂര്‍: പാലിയേക്കരയിൽ വൻ കഞ്ചാവ് വേട്ട. 120 കിലോ കഞ്ചാവുമായി നാലുപേർ പിടിയിലായി.സിജോ, ആഷ്‌വിൻ, ഹാരിസ്, ജാബിർ എന്നിവരാണ് അറസ്റ്റിലായത്. തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘമാണ് കഞ്ചാവ് വില്‍പ്പനയ്ക്ക് എത്തിച്ച നാല് പേരെയും പിടികൂടിയത്. ഒഡീഷയിൽ നിന്നും ലോറിയിലാണ് കഞ്ചാവ് കൊണ്ടുവന്നത്. വെള്ളിയാഴ്ച പുലർച്ചെ നടന്ന പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഒഡീഷയില്‍ നിന്ന് കഞ്ചാവുമായി തൃശൂരിലേക്ക് ലോറി വരുന്നുണ്ടെന്ന് ചാലക്കുടി ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിയിരുന്നു പരിശോധന. ലോറിയുടെ നമ്പര്‍ സഹിതമുള്ള വിശദാംശങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പാലക്കാട് മുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രത്യേക നിരീക്ഷണവും നടത്തിയിരുന്നു. പിടിയിലായ നാലു യുവാക്കളും മുന്‍പും കഞ്ചാവ് കടത്തുമായി ബന്ധമുള്ളവരാണെന്നും പൊലീസ് പറയുന്നു. അതേസമയം ഇത്രയും വലിയ അളവില്‍ കഞ്ചാവെത്തിക്കുന്നതിനായി പണം മുടക്കിയത് ആരാണെന്നും സാമ്പത്തിക ഉറവിടം ഏതാണെന്നും പൊലീസ് അന്വേഷണം ആരംഭിച്ചു. എറണാകുളം ജില്ലയിയില്‍ വിറ്റഴിക്കാനാണ് കഞ്ചാവെത്തിച്ചതെന്നാണ് പ്രാഥമിക വിവരം. തമിഴ്നാട്ടില്‍ പച്ചക്കറിയെടുക്കാന്‍ പോകുന്നുവെന്നായിരുന്നു ഉടമയോട് പറഞ്ഞിരുന്നതെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ നിജസ്ഥിതിയും പൊലീസ് പരിശോധിക്കുകയാണ്. കേരളത്തിലേക്ക് ലഹരി മരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികൾ ആണിവർ എന്നാണ് കണ്ടെത്തല്‍. പ്രതികളെ പുതുക്കാട് പൊലിസ് സ്റ്റേഷനിൽ വച്ച് ചോദ്യം ചെയ്തു വരികയാണ്.
