മലപ്പുറം: കൂരിയാട് ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവത്തില്‍ നടപടിയുമായി കേന്ദ്രം. നിര്‍മ്മാണ കരാര്‍ കമ്പനിയായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനെ ഡീബാര്‍ ചെയ്തു. കേന്ദ്ര ട്രാന്‍സ്പോര്‍ട്ട് മന്ത്രാലയത്തിന്റേതാണ് നടപടി. ഹൈവേ എന്‍ജിനീയറിങ് കമ്പനിക്കും വിലക്ക് ഏര്‍പ്പെടുത്തി.
പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. കൂടുതല്‍ കരാര്‍ കമ്പനിക്കെതിരെ നടപടിയുണ്ടായേക്കും. സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. പ്രൊജക്ട് മാനേജര്‍ അമര്‍നാഥ് റെഡ്ഡി, കണ്‍സള്‍ട്ടന്റ് ടീം ലീഡര്‍ രാജ്കുമാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ദേശീയപാത അതോറിറ്റിയുടെ വിദഗ്ധസംഘം പ്രദേശത്തെത്തി പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. തിങ്കളാഴ്ചയായിരുന്നു മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ് സര്‍വ്വീസ് റോഡിലേക്ക് പതിച്ചത്. അപകടത്തില്‍ പരിക്കേറ്റ യാത്രക്കാര്‍ ചികിത്സയിലാണ്. 21 നാണ് ഡല്‍ഹി ഐഐടി പ്രൊഫസര്‍ ജി വി റാവു മേല്‍നോട്ടം വഹിച്ച രണ്ടംഗ അന്വേഷണസംഘം പ്രദേശത്തെത്തിയത്. നിര്‍മ്മാണ ചുമതല കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനും കണ്‍സള്‍ട്ടന്‍സി എച്ച്ഇസി എന്ന കമ്പനിക്കുമാണ്. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ കമ്പനികളില്‍ നിന്നും കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
കൂരിയാട് ദേശീയ പാത തകര്‍ന്നതിന് കാരണം റോഡിന് താഴെയുള്ള മണ്ണിന്റെ പ്രശ്നമാകാമെന്നായിരുന്നു സംഘത്തിന്റെ റിപ്പോര്‍ട്ട്. തകര്‍ന്ന ദേശീയപാതയുടെ മുകള്‍ ഭാഗവും സര്‍വീസ് റോഡുമടക്കം പരിശോധിച്ചു. താഴത്തെ ഭാഗം പരിശോധിക്കാതെ സംഘം മടങ്ങിയതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് തിരിച്ചെത്തിയ സംഘം സര്‍വീസ് റോഡ് അടക്കം പരിശോധിച്ചിരുന്നു. ദേശീയപാത ഇടിഞ്ഞുതാണതില്‍ നടപടിയെടുക്കുമെന്നു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കിയെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി ബുധനാഴ്ച പറഞ്ഞിരുന്നു. തൃശൂര്‍, മലപ്പുറം, കാസര്‍കോട്, തിരുവനന്തപുരം ജില്ലകളിലായാണ് വിള്ളല്‍ കണ്ടെത്തിയത്.
