കാസര്‍കോട്: ഇന്ത്യാ-പാക് പോര് രൂക്ഷമായ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയിലും അതീവ ജാഗ്രത; മൂന്നു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പൊലീസ് കാവലും നിരീക്ഷണവും ഏര്‍പ്പെടുത്തി. രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ജാഗ്രതാ നിര്‍ദ്ദേശത്തിന്റെ ഭാഗമായാണ് നടപടി.
സീതാംഗോളിയില്‍ പ്രവര്‍ത്തിക്കുന്ന എച്ച്.എ.എല്‍ ആണ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പ്രമുഖ സ്ഥാപനം. യുദ്ധ വിമാനങ്ങളുടെ പാര്‍ട്‌സുകള്‍ നിര്‍മ്മിക്കുന്ന സ്ഥാപനമാണിത്. ചൗക്കിയിലുള്ള സിപിസിആര്‍ഐ, പെരിയയിലെ കേന്ദ്ര കേരള സര്‍വ്വകലാശാല എന്നിവയാണ് ശക്തമായ പൊലീസ് കാവലും നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുള്ള മറ്റു സ്ഥാപനങ്ങള്‍.
വിദേശികളടക്കം താമസിക്കുന്ന സ്റ്റാര്‍ ഹോട്ടലുകളും പരിസരങ്ങളും പൊലീസ് നിരീക്ഷണത്തിലാണ്. റെയില്‍വെ സ്റ്റേഷനുകള്‍, റെയില്‍പാതകള്‍, തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലും കനത്ത പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബദ്രഡുക്ക, കമ്പാറില്‍ പ്രവര്‍ത്തിക്കുന്ന കെല്ലിനും സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ആഭ്യന്ത സെക്രട്ടറിക്കാണ് ഏകോപന ചുമതല.
