കാസര്‍കോട്: നാട് കൊടുംചൂടില്‍ ചുട്ടുപൊള്ളുമ്പോഴും മുന്നറിയിപ്പുകള്‍ അവഗണിച്ച് അവധിക്കാലം ആഘോഷമാക്കി നട്ടുച്ചയ്ക്ക് പോലും നാടുനീളെ ഫുട്‌ബോള്‍ മേളകള്‍ പൊടിപൊടിക്കുന്നു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ദുരന്തനിവാരണ അതോറിറ്റി എന്നിവ പുറം ജോലി സമയം തന്നെ ക്രമീകരിച്ച് ഉത്തരവിറക്കിയിരുന്നു. ഉഷ്ണ തരംഗ സാധ്യതാ മുന്നറിയിപ്പുമുണ്ട്. എന്നിട്ടും നിര്‍മ്മാണ സ്ഥലങ്ങളില്‍ ഇതൊന്നും കേട്ട ഭാവമില്ല. കൊടുംചൂടിലും ജോലികള്‍ പഴയ പടി തുടരുന്നു. ജില്ലയില്‍ ഇതിനകം തന്നെ മൂന്ന് പേര്‍ക്ക് സൂര്യാതാപമേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. ചീമേനിയില്‍ കഴിഞ്ഞമാസം 92 വയസ്സുകാരന്‍ മരിച്ചത് സൂര്യാതാപം ഏറ്റാണെന്ന് കണ്ടെത്തിയിരുന്നു.
ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യതാപം, നിര്‍ജലീകരണം തുടങ്ങിയ നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ് നല്‍കുമ്പോള്‍ തന്നെ അവധിക്കാലം ആഘോഷമാക്കിയാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍. കൊടുംചൂടില്‍ കുട്ടികള്‍ പന്ത് കളിക്കുന്നു. എല്ലായിടത്തും ഫുട്‌ബോള്‍ മേളകളും നടന്നുവരുന്നുണ്ട്. പകല്‍ 11 മണി മുതല്‍ മൂന്നു മണി വരെയുള്ള സമയത്ത് കുട്ടികള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ആരോഗ്യവകുപ്പിന്റെ ശക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശം നിലനില്‍ക്കുമ്പോഴാണ് ഈ സമയങ്ങളില്‍ പോലും കുട്ടികളുടെ ഫുട്‌ബോള്‍ മാമാങ്കം അരങ്ങേറുന്നത്.
കഴിഞ്ഞമാസം ജില്ലയില്‍ ചൂട് അസഹ്യമായതോടെ ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. 38 ഡിഗ്രിയാണ് ചൂട്. സമീപകാലത്തുണ്ടായ വലിയ ചൂടിലേക്കാണ് ജില്ല പോകുന്നത്. അതുകൊണ്ടുതന്നെ ഗുരുതരമായ കുടിവെള്ളക്ഷാമവും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രൂക്ഷമായിട്ടുണ്ട്. ജില്ല കഠിനമായ വരള്‍ച്ചയിലേക്കും നീങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലഭിച്ച വേനല്‍ മഴയും ചൂടിന്റെ കാഠിന്യം കുറച്ചിട്ടില്ല. ജനജീവിതം തന്നെ ദുസ്സഹമാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ജില്ലയിലെ മിക്ക ജലാശയങ്ങളും വറ്റി വരണ്ട് പോയിട്ടുമുണ്ട്. കൃഷി ആവശ്യങ്ങള്‍ക്ക് വെള്ളം കിട്ടാത്ത അവസ്ഥയും വിവിധ പ്രദേശങ്ങളില്‍ ഉണ്ട്. ശുദ്ധജലക്ഷാമം നേരിടാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നേരത്തെ തന്നെ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും വ്യാപകമാണ്. കരാറുകാരുടെ കീശ വീര്‍പ്പിക്കാന്‍ ചില പഞ്ചായത്തുകള്‍ പേരിന് കുടിവെള്ള വിതരണം നടത്തുന്നുണ്ടെന്നും ആക്ഷേപമുണ്ട്.
