കാസര്‍കോട്: ഭാവിയെയും അതിനെ രൂപപ്പെടുത്തുന്ന കുട്ടികളെയും നന്മയുടെ വഴിയിലേക്കു നയിക്കുന്നതിനു ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ച ഗോപി കുറ്റിക്കോലിന്റെ പച്ചത്തെയ്യം സിനിമയുടെ ആദ്യ പ്രദര്‍ശനം 10നു രാവിലെ 9 മണിക്കു കാഞ്ഞങ്ങാട് ദീപ്തി തീയേറ്ററില്‍ നടക്കും. പ്രത്യാശാപൂര്‍ണ്ണമായ ഈ സിനിമയുടെ പ്രഥമദര്‍ശനം കാണാന്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. എസ്.എന്‍ സരിത, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്യാമലക്ഷ്മി എസ്, ഫിനാന്‍സ് ഓഫീസര്‍ ശബരീഷ് എം.എസ്, സംവിധായകന്‍ ഗോപി കുറ്റിക്കോല്‍, കോഡിനേറ്റര്‍ മണി, കണ്‍വീനര്‍ എന്‍.ഡി ശശി എന്നിവര്‍ എല്ലാവരെയും ക്ഷണിച്ചു.

സിനിമാ പ്രദര്‍ശനത്തിന്റെ മുന്നോടിയായി നടക്കുന്ന ചടങ്ങില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എ മാരായ എന്‍എ നെല്ലിക്കുന്ന്, ഇ ചന്ദ്രശേഖരന്‍, സിഎച്ച് കുഞ്ഞമ്പു, എം രാജഗോപാലന്‍, എകെഎം അഷ്‌റഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍, എസ്.എന്‍ സരിത തുടങ്ങിയവര്‍ പങ്കെടുക്കും. കുട്ടിക്കാലത്തെ വേട്ടയാടുന്ന പലതരം കള്ളത്തരങ്ങളില്‍ നിന്നു നിഷ്‌കളങ്കരായ കുട്ടികളെ രക്ഷപ്പെടുത്തുകയും പഴമയുടെ പൊരുളുകള്‍ കൊണ്ടു പ്രതിരോധം തീര്‍ക്കുകയും ചെയ്യാനുള്ള നൈസര്‍ഗിക പ്രേരണയാണ് സിനിമയുടെ ഉള്ളടക്കം. പൂര്‍ണ്ണമായും കാസര്‍കോട് ജില്ലയില്‍ ചിത്രീകരിച്ച സിനിമയില്‍ ജില്ലയില്‍ നിന്നുള്ള കലാകാരന്മാരും വേഷമിടുന്നു.

