കാസര്‍കോട്: കുട്ടിയുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ ഒരു മാതാവ് അനുഭവിച്ച ദുഃഖം കാണികളെ ഈറനണിയിച്ചു. മിണ്ടാപ്രാണികള്‍ക്കുള്ള ആത്മബന്ധവും സ്‌നേഹവും മനുഷ്യര്‍ക്കുമുണ്ടായിരുന്നെങ്കിലെന്ന് ഈ കാഴ്ച കണ്ടു നിന്നവര്‍ അറിയാതെ ആലോചിച്ചു.
നീലേശ്വരം റെയില്‍വെ സ്‌റ്റേഷന്‍ റോഡിലെ ഓവര്‍ ബ്രിഡ്ജിനടിയില്‍ വ്യാഴാഴ്ച രാത്രിയാണ് വാഹനമിടിച്ചു മൂന്നു മാസത്തോളം പ്രായമുള്ള നായ്ക്കുട്ടി ചത്തത്. വാഹനമിടിച്ചിടത്തു തന്നെ ചത്തുകിടന്ന നായ്ക്കുട്ടിയുടെ അടുത്ത് അതിന്റെ മാതാവിരുന്നു നക്കുകയും കാലുകള്‍ കൊണ്ട് നായക്കുട്ടിയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുകയുമൊക്കെ ചെയ്യുന്നത് കണ്ടു നില്‍ക്കാന്‍ പ്രയാസമായിരുന്നു. അപകടത്തിനു ശേഷം എട്ടു മണിക്കൂറോളം റോഡില്‍ക്കിടന്ന നായക്കുട്ടിയുടെ ജഡത്തിനടുത്തു തന്നെ മാതാവായ നായ ഒരേ ഇരിപ്പിരുന്നു. അതിന്റെ കണ്ണില്‍ നിന്നു കണ്ണുനീര്‍ വാര്‍ന്നതു ചാലു പോലെ നനഞ്ഞു കാണാമായിരുന്നു. എട്ടു മണിക്കൂറിനു ശേഷം മുന്‍സിപ്പല്‍ അധികൃതര്‍ വന്നു നായക്കുട്ടിയെ എടുത്തു മാറ്റിയ ശേഷമാണ് മാതാവായ നായ അവിടെ നിന്നു പോയത്.
റെയില്‍വെ സ്റ്റേഷനിലേക്കുള്ള പതിവു യാത്രക്കാര്‍ക്കു സുപരിചിതയാണ് ഈ നായയും അതിന്റെ രണ്ടു കുട്ടികളും. ആര്‍ക്കും ശല്യമുണ്ടാക്കാതെ റോഡരുകില്‍ കളിച്ചു നടക്കുന്ന ഈ കൊച്ചു നായ്കുടുംബം യാത്രക്കാര്‍ക്കു രസമായിരുന്നു. അടുത്ത കടക്കാരാണ് നായ്കള്‍ക്കു ഭക്ഷണം നല്‍കിയിരുന്നത്. അത്രയ്്ക്കു സൗമ്യവും ശാന്തവുമായ പ്രകൃതമായിരുന്നു ഈ നായ്ക്കള്‍ക്ക്.
