മാസപ്പടി കേസ്: വീണ പ്രതിയായ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നു യുവമോര്‍ച്ച: സെക്രട്ടറിയേറ്റിനു മുന്നില്‍ പ്രതിഷേധം

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ കുറ്റപത്രം പുറപ്പെടുവിച്ച സാഹചര്യത്തില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു സെക്രട്ടറിയേറ്റ് പടിക്കല്‍ യുവമോര്‍ച്ച പ്രതിഷേധം ആരംഭിച്ചു.
ഈ ആവശ്യവുമായി രംഗത്തെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേടുകള്‍ക്കു മുകളില്‍ കയറുകയും ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിക്കുകയും ചെയ്തു. പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചുവെങ്കിലും പ്രതിഷേധം തുടരുകയാണ്.
ഈ കേസില്‍ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നതു രാഷ്ട്രീയ പ്രേരിത അന്വേഷണമാണെന്നു പ്രകാശ് കാരാട്ട് മധുരയില്‍ ആരോപിച്ചു. പിണറായിക്കെതിരായ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും സി പി എം നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ഇക്കാര്യത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ല.പിണറായിയെ ലക്ഷ്യമിട്ടാണു ഇപ്പോഴത്തെ നീക്കമെന്നു കാരാട്ട് പറഞ്ഞു.
എം വി ഗോവിന്ദനും, എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനും ഇതേ നിലപാട് ആവര്‍ത്തിച്ചു.
പിണറായിയുടെ മകളെ പ്രതിചേര്‍ത്ത സംഭവത്തില്‍ തല്‍ക്കാലം പാര്‍ട്ടിയില്‍ ചര്‍ച്ചയില്ലെന്ന് കേന്ദ്രനേതൃത്വം വ്യക്തമാക്കി. കമ്പനിയും വ്യക്തിയും കേസ് നടത്തും. തെളിവുകള്‍ ഉണ്ടെങ്കില്‍ പുറത്തുവിടട്ടെ. അപ്പോള്‍ ചര്‍ച്ച നടത്താമെന്നു നേതൃത്വം വ്യക്തമാക്കി.
അതേസമയം മകള്‍ പ്രതി പട്ടികയിലായ സാഹചര്യത്തില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം ഉടന്‍ രാജിവയ്ക്കണമെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page