തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായിരുന്ന സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി. ലൈംഗിക പീഡനത്തിന് തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് നടപടി. സുകാന്ത് സുരേഷിനെ കഴിഞ്ഞ ദിവസം കേസില്‍ പ്രതി ചേര്‍ത്തിരുന്നു. ഇതിന് പിന്നാലെ സുകാന്ത് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. യുവതിയുടെ മരണത്തിന് ശേഷം ഒളിവില്‍പോയ സുകാന്ത് സുരേഷിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. യുവതി പേട്ടയില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തിട്ട് ഒന്നര ആഴ്ച കഴിഞ്ഞു. സഹപ്രവര്‍ത്തകനായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകര്‍ച്ചയാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് കുടുംബത്തിന്റെ പരാതി. കൊച്ചിയില്‍ ഐ ബി ഉദ്യോഗസ്ഥനാണ് സുകാന്ത്. മരിച്ച ഐബി ഉദ്യോഗസ്ഥയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നതായി സുകാന്ത് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. യുവതിയുടെ മരണത്തോടെ താന്‍ മാനസികമായി തകര്‍ന്ന നിലയിലാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ സുകാന്ത് പറയുന്നു. എന്നാല്‍ സുകാന്തിന്റെ വാദങ്ങള്‍ പത്തനംതിട്ടയിലെ യുവതിയുടെ കുടുംബം തള്ളി. വിവാഹത്തില്‍ നിന്ന് ഒഴിഞ്ഞു മാറിയ യുവാവ്, മകളെ ചൂഷണം ചെയ്യുകയായിരുന്നു. മകള്‍ ഗര്‍ഭഛിദ്രം നടത്തിയതായി പൊലീസില്‍ നിന്ന് അറിഞ്ഞു. 2024 ജൂലൈ മാസം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഗര്‍ഭചിദ്രം. ഇതടക്കം ചൂഷണത്തിന്റെ തെളിവുകള്‍ പൊലീസ് കൃത്യമായ കോടതിയില്‍ ഹാജരാക്കുമെന്നാണ് പ്രതീക്ഷയെന്നും പിതാവ് പറഞ്ഞു.








