17 കോടി 89 ലക്ഷം രൂപയുടെ കൊക്കൈനുമായി സ്ത്രീ മുംബൈ കസ്റ്റംസ് പിടിയില്‍

മുംബൈ: മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നെയ്‌റോബിയില്‍ നിന്നെത്തിയ യാത്രക്കാരിയില്‍ നിന്നു കസ്റ്റംസ് 17 കോടി 89 ലക്ഷം രൂപയുടെ കൊക്കൈന്‍ പിടിച്ചു.
നെയ്‌റോബിയില്‍ നിന്നു ദോഹ വഴി മുംബൈയിലെത്തിയ യുവതിയുടെ ലഗ്ഗേജ് പരിശോധിക്കുന്നതിനിടയിലാണ് ട്രോളി ബാഗിനുള്ളില്‍ ഉണ്ടാക്കിയ കൃത്രിമ അറയില്‍ കൊക്കൈന്‍ എന്നു സംശയിക്കുന്ന വെള്ള പൊടി അതീവ സുരക്ഷിതമായി സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പിടികൂടിയ കൊക്കൈനു 1789 ഗ്രാം തൂക്കമുണ്ടെന്നു കസ്റ്റംസ് വിശദീകരിച്ചു. പിടിച്ചെടുത്ത കൊക്കൈന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 17,80,00,000 രൂപ വിലയുണ്ട്.
കൊക്കൈന്‍ കടത്തിയ സ്ത്രീയെ എന്‍.എസ്.ഡി.പി.എസ് നിയമമനുസരിച്ച് കസ്റ്റംസ് അറസ്റ്റു ചെയ്തു. കൂടുതല്‍ അന്വേഷണം തുടരുകയാണ്. വിദേശങ്ങളില്‍ നിന്നു രാജ്യത്തേക്ക് രാസലഹരി പദാര്‍ത്ഥങ്ങള്‍ കടത്തുന്ന വന്‍ മാഫിയാ സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായതെന്നു കസ്റ്റംസ് സംശയിക്കുന്നു. മുംബൈ കസ്റ്റംസ് പിടികൂടുന്ന വന്‍ മയക്കുമരുന്നു കടത്തു കേസാണിത്.
മുംബൈ കസ്റ്റംസ് അടുത്തിടെ ഇതേ വിമാനത്താവളത്തില്‍ നിന്നു 10 കിലോ 430 ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണം പൊടിയാക്കിയ നിലയില്‍ പിടികൂടിയിരുന്നു. 8.47 കോടി രൂപ ഇതിനു വില വരും. ഇതു സംബന്ധിച്ച് നാലു കേസെടുത്തു. അഞ്ചു പേരെ അറസ്റ്റു ചെയ്തു.
കഴിഞ്ഞ മാസം രണ്ടിനും അഞ്ചിനുമിടയില്‍ മുംബൈ വിമാനത്താവളത്തില്‍ നിന്നു തന്നെ 1.18 കിലോ കൊക്കൈനും പിടികൂടിയിരുന്നു. 11.8 കോടി രൂപ ഇതിനു വിലയുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page