മമ്മൂട്ടിക്ക് വേണ്ടി മോഹന്‍ലാല്‍ ശബരിമലയില്‍ വഴിപാട് നടത്തിയത് ശരിയായില്ല; മമ്മൂട്ടി മുസ്ലിം സമൂഹത്തോട് മാപ്പു പറയണമെന്ന് ഒ. അബ്ദുല്ല, മതപണ്ഡിതന്മാര്‍ ഇടപെടണമെന്ന് ആവശ്യം

കോഴിക്കോട്: മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പേരില്‍ ശബരിമലയില്‍ വഴിപാട് നടത്തിയതിനെതിരെ രൂക്ഷവിമര്‍ശനവുമായി മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഒ. അബ്ദുല്ല. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം എന്ന പേരില്‍ മോഹന്‍ലാല്‍ ശബരിമലയില്‍ വഴിപാട് നടത്തിയതും അതിന്റെ രശീതി ഉള്‍പ്പെടെ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ച ശബ്ദസന്ദേശത്തിലൂടെ ഒ അബ്ദുല്ല വിമര്‍ശനവുമായി രംഗത്തെത്തിയത്.
മോഹന്‍ലാല്‍ വഴിപാട് അര്‍പ്പിച്ചത് മമ്മൂട്ടിയുടെ അറിവോടെയാണെങ്കില്‍ അത് വിശ്വാസ പ്രകാരം തെറ്റാണ്. മമ്മൂട്ടിയുടെ അറിവോടെയല്ല മോഹന്‍ലാല്‍ വഴിപാട് നടത്തിയതെങ്കില്‍ അതില്‍ തെറ്റില്ല. മമ്മൂട്ടി പറഞ്ഞാണ് മോഹന്‍ലാല്‍ വഴിപാട് നടത്തിയതെങ്കില്‍ അത് മാപ്പര്‍ഹിക്കാത്ത തെറ്റാണ്. ഇക്കാര്യത്തില്‍ മമ്മൂട്ടി വിശദീകരണം നല്‍കണം-ഒ അബ്ദുല്ല ശബ്ദസന്ദേശത്തില്‍ ആവശ്യപ്പെട്ടു.
ഇസ്ലാമിക വിശ്വാസം അനുസരിച്ച് അല്ലാഹുവിനു മാത്രമേ പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കാന്‍ പാടുള്ളു. ഇതിന്റെ ലംഘനമാണ് ഇപ്പോഴത്തെ സംഭവമെന്നും ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉദ്ധരിച്ച് അബ്ദുല്ല വിശദീകരിക്കുന്നു. വിഷയത്തില്‍ മമ്മൂട്ടി വിശദീകരണം നല്‍കണം. മുസ്ലിം മത പണ്ഡിതന്മാര്‍ ഈ വിഷയത്തില്‍ ഇടപെടണം-ഒ അബ്ദുല്ല കൂട്ടിച്ചേര്‍ത്തു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ശബരിമല സന്ദര്‍ശനത്തിനിടയില്‍ മോഹന്‍ലാല്‍ മമ്മൂട്ടിയുടെ പേരില്‍ വഴിപാട് കഴിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page