ബിജെപി പ്രവര്‍ത്തകന്‍ മുഴപ്പിലങ്ങാട് സൂരജ് വധം; സിപിഎം പ്രവര്‍ത്തകരായ 9 പ്രതികള്‍ കുറ്റക്കാര്‍, ഒരാളെ വെറുതെ വിട്ടു

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബിജെപി പ്രവര്‍ത്തകന്‍ എളമ്പിലായി സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 9 പ്രതികള്‍ കുറ്റക്കാര്‍. 10-ാം പ്രതി പ്രകാശനെ വെറുതെ വിട്ടു. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയത്. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ടികെ രജീഷും പ്രതികളില്‍ ഉള്‍പ്പെടുന്നു. കൊളശ്ശേരി എന്‍വി യോഗേഷ്, എരഞ്ഞോളിയിലെ കെ ഷംജിത്ത്, കൂത്തുപറമ്പ് നരവൂരിലെ പിഎം മനോരാജ്, മുഴപ്പിലങ്ങാട്ടെ എന്‍ സജീവന്‍, പ്രഭാകരന്‍ മാസ്റ്റര്‍, കെവി പത്മനാഭന്‍, എം രാധാകൃഷ്ണന്‍, പ്രദീപന്‍ എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍. കേസിലെ ഒന്നാം പ്രതി പി.കെ ഷംസുദ്ദീനും, പന്ത്രണ്ടാം പ്രതി ടി.പി രവീന്ദ്രനും നേരത്തെ മരിച്ചിരുന്നു. 2005 ഓഗസ്റ്റ് ഏഴിന് ഓട്ടോയിലെത്തിയ അക്രമി സംഘം രാഷ്ട്രീയ വൈരാഗ്യം മൂലം സൂരജിനെ ബോംബ് എറിഞ്ഞ് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തി എന്നാണ് കേസ്. 2005 ഓഗസ്റ്റ് ഏഴിന് രാവിലെയായിരുന്നു മുഴപ്പിലങ്ങാട് ടെലിഫോണ്‍ എക്‌സ്‌ചേയ്ഞ്ചിന് മുന്നിലിട്ട് ബിജെപി പ്രവര്‍ത്തകനായിരുന്ന സൂരജിനെ വെട്ടിക്കൊന്നത്. ഓട്ടോയിലെത്തിയ പ്രതികള്‍ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊന്നുവെന്നാണ് കേസ്. കൊലപാതകം രാഷ്ട്രീയ വിരോധം തീര്‍ക്കാനായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. 32 കാരനായ സൂരജ് സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന്റെ പ്രതികാരനടപടിയായിരുന്നു അരുംകൊല. കൊലപാതകത്തിന് ആറുമാസം മുന്‍പും സൂരജിനെ കൊല്ലാന്‍ ശ്രമിച്ചിരുന്നു. അന്ന് കാലിനായിരുന്നു വെട്ടേറ്റത്. 19 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് കേസിലെ വിധി വരുന്നത്. കൊലപാതകം, ഗൂഢാലോചന എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page