കുമ്പള: കേരള-കര്‍ണാടക കെഎസ്ആര്‍ടിസി ബസുകള്‍ക്ക് കുമ്പള റെയില്‍വെ സ്റ്റേഷനു മുന്നില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യം ഉയരുന്നു.
കുമ്പള റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഇറങ്ങേണ്ട യാത്രക്കാരെ ഇപ്പോള്‍ സ്റ്റോപ്പില്ലെന്നു ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി ബസുകള്‍ കുമ്പള ടൗണിലാണ് ഇറക്കാറുള്ളത്. അവിടെനിന്ന് 200 മീറ്റര്‍ അകലെയുള്ള റെയില്‍വേ സ്റ്റേഷനിലേക്ക് യാത്രക്കാര്‍ നടന്ന് പോകണം. ഇത് രോഗികള്‍, മുതിര്‍ന്ന പൗരന്മാര്‍, സ്ത്രീകള്‍, കുട്ടികള്‍ അടക്കമുള്ള ട്രെയിന്‍ യാത്രക്കാര്‍ക്ക് പ്രയാസമുണ്ടാക്കുന്നു. ചുരുക്കം ചില ട്രെയിനുകള്‍ക്കാണ് കുമ്പള റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് ഉള്ളത്. അതുകൊണ്ടുതന്നെ ട്രെയിന്‍ സമയം നോക്കിയാണ് യാത്രക്കാര്‍ കുമ്പളയിലെത്തുന്നത്. ഇങ്ങനെയുള്ള യാത്രക്കാരെയാണ് കെ.എസ്.ആര്‍.ടി.സി ബസുകള്‍ കുമ്പള ടൗണില്‍ ഇറക്കുന്നത്. ട്രെയിന്‍ സമയം നോക്കി മംഗളൂരുവില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളൊക്കെ കുമ്പള ടൗണില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് ഓടുന്ന കാഴ്ച പതിവാണ്. രോഗികളായ വയോധികര്‍ക്കും, സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും നടന്നു തന്നെ വേണം സ്റ്റേഷനില്‍ എത്താന്‍ എന്നതാണ് സ്ഥിതി.
മഞ്ചേശ്വരം താലൂക്ക് വികസന സമിതി ഈ ആവശ്യം പല തവണ ഉന്നയിച്ചിരുന്നു. സമിതി അംഗമായ താജുദ്ദീന്‍ മൊഗ്രാല്‍ ഈ ആവശ്യമുന്നയിച്ചു തഹസില്‍ദാര്‍ക്ക് നിവേദനം നല്‍കുകയും ചെയ്തിട്ടുണ്ട്.
ദേശീയപാത നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് കുമ്പള റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സ്റ്റോപ്പ് അനിവാര്യമാണെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ബന്ധപ്പെട്ടവര്‍ ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നു.
