ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ ആറ് മാസം പ്രായമായ കുഞ്ഞിനെ തീയ്ക്ക് മുകളില്‍ തലകീഴായി കെട്ടിത്തൂക്കിയിട്ടു; കുട്ടിയുടെ ഇരുകണ്ണുകളുടേയും കാഴ്ച നഷ്ടമായി

ഭോപ്പാല്‍: ആറ് മാസം പ്രായമായ കുഞ്ഞിനോട് ദുര്‍മന്ത്രവാദിയുടെ ക്രൂരത. ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ കുട്ടിയെ തീയ്ക്ക് മുകളില്‍ തലകീഴായി കെട്ടിത്തൂക്കിയിട്ടു. കുട്ടിയുടെ ഇരുകണ്ണുകളുടേയും കാഴ്ച നഷ്ടമായി. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ കോലറാസ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വ്യാഴാഴ്ചയാണ് സംഭവം. കുഞ്ഞിന് എന്തൊക്കെയോ അസ്വസ്ഥതകള്‍ ഉണ്ടെന്ന് പറഞ്ഞാണ് മാതാപിതാക്കള്‍ ദുര്‍മന്ത്രവാദിയായ രഘുവീര്‍ ധാക്കഡിനെ സമീപിച്ചത്. കാര്യങ്ങൾ ബോധ്യപ്പെട്ട മന്ത്രവാദി ചില അദൃശ്യ ശക്തികള്‍ കുട്ടിയെ വേട്ടയാടുന്നുണ്ടെന്നും അതിനായി ഉച്ചാടന ചടങ്ങ് ആവശ്യമാണെന്നും മാതാപിതാക്കളോട് പറഞ്ഞു. തുടർന്ന് കുഞ്ഞിനെ തലകീഴായി തീയ്ക്ക് മുകളില്‍ കെട്ടിത്തൂക്കുകയായിരുന്നു. കുഞ്ഞ് നിലവിളിച്ചെങ്കിലും മാതാപിതാക്കള്‍ ദൈവിക ചടങ്ങ് ആയതിനാൽ അത് കാര്യമാക്കിയില്ല. ആളിക്കത്തിയ തീയിൽ നിന്ന് കുഞ്ഞിന് പൊള്ളലേറ്റു. സംഭവം മനസിലായ മാതാപിതാക്കള്‍ ശിവപുരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ദുര്‍മന്ത്രവാദ ക്രൂരത പുറം ലോകം അറിഞ്ഞത്. ആശുപത്രിയില്‍ നടത്തിയ പരിശോധനയിൽ കുഞ്ഞിന്റെ കാഴ്ച നഷ്ടമായെ ന്ന് വ്യക്തമായി. അനാചാരം കുഞ്ഞിന്റെ കണ്ണുകള്‍ക്ക് സാരമായ കേടുപാടുണ്ടാക്കിയെന്നും കാഴ്ചശക്തി തിരിച്ചുകിട്ടുമോയെന്ന് പറയാന്‍ പ്രയാസമാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുട്ടി ചികിത്സയില്‍ തുടരുകയാണെന്ന് പൊലീസ് സൂപ്രണ്ട് അമന്‍ സിങ് റാത്തോഡ് പറഞ്ഞു. സംഭവത്തിൽമന്ത്രവാദിക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നാണ് പൊലീസ് വിശദമാക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page