ലോക്കോ പൈലറ്റ് വേഗത കുറച്ചിട്ടും അമരാവതി എക്‌സ്പ്രസ് ലോറിയില്‍ ഇടിച്ചു; ലോറി രണ്ടായി പിളര്‍ന്നു; നടുക്കും വിഡിയോ…

മുംബൈ: മഹാരാഷ്ട്രയില്‍ റെയില്‍വേ ക്രോസിങില്‍ കുടുങ്ങിയ ലോറിയില്‍ മുംബൈ അമരാവതി എക്‌സ്പ്രസ് ഇടിച്ചു കയറി അപകടം. വന്‍ദുരന്തം ഒഴിവായി. അപകട ശേഷമുള്ള നടുക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തലനാരിഴക്കാണ് ആളുകള്‍ പരിക്കുകള്‍ ഏല്‍ക്കാതെ രക്ഷപ്പെട്ടത്. ട്രെയിനിലെ എല്ലാ യാത്രക്കാരും ലോറി ഡ്രൈവറും സുരക്ഷിതരാണെന്ന് റെയില്‍വേ അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ് അപകടം. ഗോതമ്പ് കയറ്റി വന്ന ട്രക്ക് റെയില്‍വേ പാളം മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ ലെവല്‍ ക്രോസില്‍ കുടുങ്ങുകയായിരുന്നു. വളരെ കാലമായി അടച്ചിട്ടിരിക്കുകയായിരുന്നു ലവല്‍ക്രോസ്. ഇതിനു പകരമായി മറ്റൊരു ഓവര്‍ ബ്രിഡ്ജ് പണിതിട്ടുണ്ട്. എന്നാല്‍ ലോറി പഴയ ലെവല്‍ ക്രോസിലൂടെ കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ലെവല്‍ ക്രോസിന്റെ സ്റ്റോപ്പര്‍ തകര്‍ത്തു ലോറി പാളത്തിലേക്ക് കടന്നു. ഇത് കണ്ട ലോക്കോ പൈലറ്റ് ട്രെയിനിന്റെ വേഗം കുറച്ചതോടെ വലിയ അപകടം ഒഴിവായി. ലോറിയില്‍ നിന്നും പുറത്തിറങ്ങിയ ഡ്രൈവര്‍ ലെവല്‍ ക്രോസ് കടക്കാന്‍ നാട്ടുകാരുടെ സഹായം തേടുന്നതിനിടെയാണ് ട്രെയിന്‍ വന്നിടിച്ചത്. അതിനാല്‍ ലോറി തകര്‍ന്നു തരിപ്പണമായെങ്കിലും ഡ്രൈവര്‍ രക്ഷപ്പെട്ടു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഇടിയുടെ ആഘാതത്തില്‍ ട്രക്ക് രണ്ടായി പിളര്‍ന്നതും എന്‍ജിനില്‍ നിന്ന് പുകയും പുറത്തു വരുന്നതും കാണാം. ലോറിയുടെ മുന്‍ഭാഗം ട്രെയിനിന്റെ എന്‍ജിനില്‍ കുടുങ്ങിയതായി വീഡിയോയില്‍ കാണാം. എന്നാല്‍ അപകടത്തില്‍ ട്രെയിനിന്റെ എന്‍ജിന് കാര്യമായി കേടു സംഭവിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിയായ ലോറി ഡ്രൈവര്‍ പൂവരസുവിനെതിരെ കേസെടുത്തു. പ്രാഥമിക അന്വേഷണത്തില്‍ ലോറിയുടെ ബ്രേക്ക് തകര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്. വാഹനം ഓടിക്കുന്നതിനിടെ നിയന്ത്രണം വിട്ടതാണെന്നാണ് ഡ്രൈവര്‍ പറയുന്നത്. ലോറി സ്പീഡ് ബ്രേക്ക് കടന്നപ്പോള്‍ അതിവേഗതയിലായിരുന്നു എന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. റോഡില്‍ നിന്ന് വഴുതിപ്പോയ അടയാളവും കാണുന്നുണ്ട്. ട്രെയിനില്‍ ഉണ്ടായിരുന്ന ഹ്രസ്വ ദൂരയാത്രക്കാരെ മറ്റു ബസുകളില്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. മറ്റൊരു ഡീസല്‍ ട്രെയിന്‍ എത്തിച്ച് അവരാതി എക്‌സ്പ്രസ് പിന്നീട് യാത്ര തുടരുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page