തിരുവനന്തപുരം മൃഗശാലയില്‍ ചത്ത മ്ലാവിന് പേ വിഷബാധ; ജീവനക്കാർക്ക് വാക്സിൻ നൽകും

തിരുവനന്തപുരം മൃഗശാലയില്‍ ചത്ത മ്ലാവിന് പേവിഷബാധ സ്ഥിരീകരിച്ചു. തിങ്കളാഴ്ച മൃഗശാലയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്കു ശേഷം സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസ്, പാലോട് നടത്തിയ വിശദ പരിശോധനയില്‍ ആണ് പേവിഷബാധ സ്ഥിരീകരിച്ചത്.
തുടര്‍ന്ന് മൃഗശാല ഡയറക്ടര്‍ പി എസ് മഞ്ജുളാദേവി വിളിച്ചുചേര്‍ത്ത അടിയന്തിര യോഗത്തില്‍, മ്ലാവുമായി അടുത്ത് ഇടപഴകിയ മുഴുവന്‍ ജീവനക്കാര്‍ക്കും പോസ്റ്റ് എക്‌സ്‌പോഷര്‍ ആന്റി റാബീസ് വാക്‌സിന്‍ എടുക്കുന്നതിനും മറ്റ് ജീവനക്കാര്‍ക്ക് പ്രൊഫൈലാക്ടിക് വാക്‌സിന്‍ എടുക്കുന്നതിനും നടപടിയൊരുക്കാൻ തീരുമാനമായി. മ്ലാവിനെ പാര്‍പ്പിച്ചിരുന്ന കൂടിനുള്ളിലെ മുഴുവന്‍ മൃഗങ്ങള്‍ക്കും അടിയന്തരമായി ആന്റി റാബീസ് വാക്‌സിന്‍ നല്‍കുന്നതിന് മൃഗശാല വെറ്ററിനറി സര്‍ജന്‍ ഡോ. നികേഷ് കിരണിന്റെ നേതൃത്വത്തില്‍ ടീം രൂപീകരിച്ചു. മൃഗങ്ങള്‍ക്കുള്ള വാക്‌സിനേഷന്‍ നടപടിക്രമങ്ങള്‍ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും.
ബയോസെക്യൂരിറ്റി മേഖല ആയതിനാല്‍ മ്യൂസിയം പരിധിയ്ക്ക് ഉള്ളിലുള്ള തെരുവ് നായകളെ പിടികൂടി മാറ്റി പാര്‍പ്പിക്കുന്നതിന് തിരുവനന്തപുരം നഗരസഭയ്ക്ക് കത്ത് നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. പേവിഷ ബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ലെങ്കിലും കീരികള്‍, മരപ്പട്ടികള്‍ തുടങ്ങിയ മൃഗങ്ങള്‍ വഴിയാകാം മൃഗശാലയ്ക്ക് ഉള്ളിലെ മൃഗങ്ങള്‍ക്ക് പേവിഷ ബാധ ഉണ്ടായതെന്നാണ് അനുമാനം. മ്ലാവുകള്‍ ‘ഡെഡ് എൻഡ് ഹോസ്റ്റ്’ ആയതിനാല്‍ മ്ലാവുകളില്‍ നിന്ന് മറ്റ് മൃഗങ്ങളിലേക്ക് റാബീസ് പകരുന്നതിനുള്ള സാധ്യത കുറവാണ്. എല്ലാ മൃഗങ്ങള്‍ക്കും വാര്‍ഷിക പേവിഷ പ്രതിരോധ കുത്തിവെപ്പ് എടുക്കാറുള്ളതുകൊണ്ടും നിലവില്‍ മ്ലാവ് ഒഴികെയുള്ള മറ്റ് മൃഗങ്ങള്‍ക്ക് കുത്തിവയ്പ്പ് എടുക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്ന് മൃഗശാല വെറ്ററിനറി സര്‍ജന്‍ ഡോ. നികേഷ് കിരണ്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page