കാസര്‍കോട്: പറമ്പില്‍ അതിക്രമിച്ചു കയറി യുവതിയെയും സഹോദരിമാരെയും അശ്ലീലഭാഷയില്‍ ചീത്ത വിളിക്കുകയും തള്ളി താഴെയിടുകയും ചെയ്തതായി പരാതി. കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്)യുടെ നിര്‍ദ്ദേശ പ്രകാരം മഞ്ചേശ്വരം പൊലീസ് കേസെടുത്തു. മംഗ്‌ളൂരു വളച്ചിലിലെ സുഹ്‌റ (48)യുടെ പരാതി പ്രകാരം ബഡാജെ, കടമ്പാറിലെ അബ്ബാസിനെതിരെയാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തത്. ഫെബ്രുവരി 12ന് ആണ് കേസിനാസ്പദമായ സംഭവം. വൈകുന്നേരം തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് എത്തിയതായിരുന്നു പരാതിക്കാരിയും സഹോദരിമാരായ തലപ്പാടിയിലെ ആയിഷത്ത് ഫൗസിയ (44)യും ആനക്കല്ലിലെ നസീമ (40)യും. ഈ സമയത്ത് അതിക്രമിച്ചു കയറിയ അബ്ബാസ് ശാരീരികമായി ഉപദ്രവിക്കുകയും അസഭ്യം പറഞ്ഞതായും പരാതിയില്‍ കൂട്ടിച്ചേര്‍ത്തു. സഹോദരിമാരുടെ പേരിലുള്ള സ്ഥലം മറ്റുള്ളവര്‍ക്ക് നല്‍കുന്നതിനുള്ള വിരോധമാണ് അക്രമത്തിനു കാരണമെന്നു പറയുന്നു.








