കാസര്‍കോട്: തെയ്യം കാണാന്‍ പോയ ആള്‍ തിരിച്ചെത്തിയില്ലെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയില്‍ കാണാതായ ആള്‍ നാടകീയമായി തിരിച്ചെത്തി. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്നു തിരിച്ചെത്തിയ ആള്‍ വിശദീകരിച്ചതോടെ പുലിവാല് പിടിച്ച് വീട്ടുകാര്‍. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ-‘പുല്ലൂര്‍, ചാലിങ്കാല്‍ സ്വദേശിയായ 41കാരനെ ഫെബ്രുവരി 28നാണ് കാണാതായത്. അന്ന് ഒരിടത്ത് നടന്ന കൊറഗജ്ജന്‍ തെയ്യം കാണാനാണെന്നു പറഞ്ഞ് ബൈക്കുമായാണ് യുവാവ് വീട്ടില്‍ നിന്നു ഇറങ്ങിയത്. മാര്‍ച്ച് ഒന്നിനു വൈകുന്നേരം വരെ യുവാവ് തിരിച്ചെത്തിയില്ല. മൊബൈല്‍ ഫോണില്‍ വിളിച്ചപ്പോള്‍ പ്രതികരണം ഉണ്ടായില്ല. ഇതോടെ ആശങ്ക ഉയരുകയും സഹോദരന്‍ അമ്പലത്തറ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പൊലീസും ഫോണില്‍ ബന്ധപ്പെടാന്‍ നോക്കി. ഫലം ഇല്ലാതെ വന്നതോടെയാണ് ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനിടയില്‍ ഞായറാഴ്ച രാവിലെയോടെ കാണാതായ യുവാവ് നാടകീയമായി തിരിച്ചെത്തി. കൊറഗജ്ജന്‍ തെയ്യം കാണാന്‍ പോയപ്പോള്‍ മദ്യപിക്കുകയും അമിതമായപ്പോള്‍ ഓഫായിപ്പോയെന്നുമാണ് തിരിച്ചെത്തിയ യുവാവ് വീട്ടുകാരോട് പറഞ്ഞത്. ഇതിനിടയില്‍ മൊബൈല്‍ ഫോണ്‍ എവിടെയോ നഷ്ടപ്പെട്ടു പോയതായും വ്യക്തമാക്കി. യുവാവ് തിരിച്ചെത്തിയ കാര്യം പരാതി നല്‍കിയ സഹോദരന്‍ അമ്പലത്തറ പൊലീസിനെ അറിയിച്ചിട്ടുണ്ട്. യുവാവിനെ സ്റ്റേഷനില്‍ ഹാജരാക്കാന്‍ പൊലീസ് നിര്‍ദ്ദേശിച്ചു.







