ഓണ്‍ലൈന്‍ ട്രേഡിംഗ് വഴി കാസർകോട് സ്വദേശിയായ വൈദികനില്‍ നിന്ന് 1.41 കോടി കവര്‍ന്ന കേസ്: രണ്ട് പേരെ കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു

കടുത്തുരുത്തി: ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പിലൂടെ വൈദികനില്‍ നിന്ന് 1.41 കോടിയില്‍പരം രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതിയുള്‍പ്പെടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയായ മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ജാവേദ് അന്‍സാരി (35), കോഴിക്കോട് താമരശ്ശേരി പെരുമ്പള്ളി ഭാഗത്ത് ഇലവ വീട്ടില്‍ അജ്മല്‍.കെ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ മുഖ്യപ്രതിയായ മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ജാവേദ് അന്‍സാരിയെ പ്രത്യേക അന്വേഷണസംഘം മഹാരാഷ്ട്രയില്‍ നിന്നുമാണ് സാഹസികമായി അറസ്റ്റ് ചെയ്തത്. 2024 നവംബർമുതൽ 2025 ജനുവരി 15 വരെയാണ് തട്ടിപ്പ് നടന്നത്. കാസർകോട്‌ സ്വദേശിയായ കോതനല്ലൂർ തൂവാനീസ പ്രാർഥനാലയത്തിലെ അസി. ഡയറക്ടർ ഫാ. ടിനേഷ് കുര്യൻ (37) പിണർക്കയിലിനാണ് പണം നഷ്ടമായത്. മഹാരാഷ്ട്ര സ്വദേശി
ഷെയര്‍ ട്രേഡിംഗില്‍ താത്പര്യമുള്ള ഫാ. ടിനേശ് കുര്യനെ സമൂഹമാധ്യമം വഴി ബന്ധപ്പെട്ട് ആദിത്യ ബിര്‍ള ക്യാപിറ്റല്‍ സോക്‌സ് ആന്‍ഡ് സെക്യൂരിറ്റി എന്ന പേരില്‍ ആഡ്ബീര്‍ കേപ്പബിള്‍ എന്ന ആപ്ലിക്കേഷന്‍ വൈദികന്റെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യിപ്പിച്ച് ഇതിലൂടെ ട്രേഡിംഗ് നടത്തുകയായിരുന്നു. തുടക്കത്തില്‍ കുറച്ച് ലാഭവിഹിതം വൈദികന് നല്‍കി വൈദികനെ വിശ്വാസത്തില്‍ എടുക്കുകയും ചെയ്തു.
പിന്നീട് ഷെയര്‍ ട്രേഡിംഗില്‍ കൂടുതല്‍ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വൈദികനില്‍ നിന്ന് പല കാരണങ്ങള്‍ പറഞ്ഞ് പലതവണകളായി പല അക്കൗണ്ടുകളിലേക്കായി ഒരുകോടി നാല്‍പത്തി ഒന്ന് ലക്ഷത്തി എണ്‍പത്തിആറായിരത്തി മുന്നൂറ്റി എണ്‍പത്തിയഞ്ച് രൂപ വാങ്ങിച്ചെടുക്കുകയായിരുന്നു. മുടക്കിയ പണം തിരികെ ലഭിക്കാതെയും ലാഭവും കിട്ടാതിരുന്നതിനെ തുടര്‍ന്ന് വൈദികന്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
പരാതിയെ തുടര്‍ന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഈ കേസുമായി ബന്ധപ്പെട്ട് എസ് എച്ച് ഒ റെനീഷ് ടി എസിന്റെ നേതൃത്വത്തില്‍ വൈദികന്റെ നഷ്ടപ്പെട്ട കുറച്ചു പണം കേരളത്തിലെ എ ടി എം വഴി പിന്‍വലിച്ച കോഴിക്കോട് സ്വദേശികളായ ശംനാദ്, മുഹമ്മദ് മിന്‍ഹാജ് എന്നിവരെ പിടികൂടുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അജ്മല്‍ കൂടി ഈ തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തുകയും ഇയാളെ പിടികൂടാന്‍ തിരച്ചില്‍ നടത്തുന്നതിനിടയിലാണ് ഇയാള്‍ കടുത്തുരുത്തി സ്റ്റേഷനില്‍ ഹാജരായത്.
ഈ തട്ടിപ്പിന്റെ പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണന്ന് കണ്ടെത്തുകയും ഇവരെ പിടികൂടുന്നതിനായി ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്ന് അന്വേഷണസംഘം രൂപീകരിച്ച് ഉത്തരേന്ത്യന്‍ സംഘത്തിലെ പ്രധാനി മുഹമ്മദ് ജാവേദ് അന്‍സാരി മഹാരാഷ്ട്ര സ്വദേശിയാണെന്ന് തിരിച്ചറിയുകയും തുടര്‍ന്ന് കോട്ടയം സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണസംഘം മഹാരാഷ്ട്രയില്‍ നിന്നും ഇയാളെ സാഹസികമായി പിടികൂടുകയുമായിരുന്നു.
വൈദികന്റെ അക്കൗണ്ടില്‍ നിന്നും അഞ്ചുലക്ഷത്തോളം രൂപ ഇയാളുടെ അക്കൗണ്ടിലേക്ക് എത്തിയതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തു. കടുത്തുരുത്തി സ്റ്റേഷന്‍ എസ് എച്ച് ഒ റെനീഷ് ടി എസ്, എസ് ഐ നെല്‍സണ്‍ സി എസ്, എ എസ് ഐ ഷാജി ജോസഫ്, സി പി ഒമാരായ വിനീത് ആര്‍ നായര്‍, അരുണ്‍കുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാന്‍ഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page